നടിയെ ആക്രമിച്ച കേസില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചതോടെ വിചാരണ വേഗത്തിലാക്കാനുളള നടപടികളും പൊലീസ് തുടങ്ങി. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ അതിവേഗം തുടങ്ങണമെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. സിനിമാമേഖലയില്‍ നിന്നുതന്നെ 55 പേര്‍ സാക്ഷികളായ കേസില്‍ കൂറുമാറ്റത്തിന് സാധ്യതയേറെയാണ്. വിചാരണ വൈകുന്തോറും ഇതിനിലുളള സാഹചര്യം കൂടും. ഇതിനാലാണ് പ്രത്യേക കോടതി സ്ഥാപിച്ച് വിചാരണ വേഗത്തിലാക്കാനുളള നീക്കം അന്വേഷണസംഘം തുടങ്ങിയിരിക്കുന്നത്.
കുറ്റപത്രം സ്വീകരിച്ച് പ്രതികളെ വിളിച്ചുവരുത്തി വിചാരണക്കായി സെഷന്‍സ് കോടതിയിലേക്ക് മാറ്റിയാലുടന്‍ പ്രത്യേക കോടതി എന്ന ആവശ്യം സര്‍ക്കാരില്‍ ഉന്നയിക്കാനാണ് ആലോചന. സിനിമാ മേഖലയില്‍ പ്രബലനായ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നെന്ന് മജിസ്‍ട്രേറ്റ് കോടതിയെ ധരിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെ അനുബന്ധ കുറ്റപത്രത്തിലെ കൂടുതല്‍ വിശദാംശങ്ങളും പുറത്തുവന്നു. കൃത്യത്തിനുശേഷം അക്രമിക്കപ്പെട്ട നടിയെ പൊതു സമൂഹത്തിനുമുന്നില്‍ മോശക്കാരിയാക്കാന്‍ ദിലീപ് ശ്രമിച്ചെന്നാണ് കണ്ടെത്തല്‍.
സിനിമയിലെ തന്‍റെ സ്വാധീനശക്ത ഉപയോഗിച്ച് പല പ്രമുഖരെക്കൊണ്ടും തനിക്ക് അനുകൂലമായി സംസാരിപ്പിച്ചു. നടി ജാഗ്രതപാലിക്കണമായിരുന്നെന്ന് പറയിച്ചതും ഈ സ്വാധീനം ഉപയോഗിച്ചായിരുന്നു.നിരപരാധിയെന്ന് വരുത്തിത്തീര്‍ക്കാനുളള ശ്രമത്തിന്‍റെ ഭാഗമായിരുന്നു ഇതെല്ലാം. ഫെബ്രുവരി 17ന് കൃത്യം നടക്കുമ്പോള്‍ താന്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നെന്ന് മനപൂര്‍വം വരുത്തിത്തീര്‍ക്കാനും ദിലീപ് ശ്രമിച്ചു.
ഫെബ്രുവരി 14 മുതല്‍ 21 വരെ ആലുവയിലെ ആശുപത്രിയില്‍ ചികില്‍സിച്ചതിന്‍റെ രേഖകളാണ് ദിലീപ് കൊണ്ടുവന്നത്. എന്നാല്‍ ഈ ദിവസങ്ങളില്‍ രാമലീലയുടെ ഷൂട്ടിങ് സെറ്റില്‍ ഉണ്ടായിരുന്നെന്നും കുറ്റപത്രത്തിലുണ്ട്.
