തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ ഓഖിയില്‍ കുടുങ്ങിപ്പോയ മത്സ്യത്തൊഴിലാളികളെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ക്രൈംബ്രാഞ്ച് എസ്.പി ഡോ.ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സംഘത്തേയാണ് ഇതിനായി മഹാരാഷ്ട്രയിലേക്ക് അയച്ചിരിക്കുന്നത്.
കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത 66 ബോട്ടുകളാണ് മഹാരാഷ്ട്രയിലെ ദേവ്ഗഡില്‍ നങ്കൂരമിട്ടിരിക്കുന്നത്. കൊച്ചിയില്‍ നിന്നും കോഴിക്കോട് നിന്നും മത്സ്യബന്ധനത്തിന് പോയ ഈ ബോട്ടുകള്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ദേവഗഡില്‍ അടുപ്പിക്കുകയായിരുന്നു.
ഇതില്‍ ചില ബോട്ടുകള്‍ ഇന്നലെ നാട്ടിലേക്ക് തിരിച്ചെങ്കിലും മറ്റുള്ളവ ഇന്ധനം തീര്‍ന്ന് അവിടെ കുടുങ്ങി കിടക്കുകയാണ്. തുടര്‍ച്ചയായി സഞ്ചരിച്ചാല്‍ പോലും രണ്ട് ദിവസം കൊണ്ട് മാത്രമേ ഇവര്‍ക്ക് കോഴിക്കോടെത്താന്‍ സാധിക്കൂ. എന്നാല്‍ യാത്ര ദുഷ്‌കരമാണെന്നും കടല്‍ പ്രക്ഷുബ്ധമാണെന്നുമാണ് നേരത്തെ അവിടെ നിന്നും തിരിച്ചവര്‍ ഇവരെ അറിയിച്ചിരിക്കുന്നത്.
