ചെങ്ങന്നൂര്‍ വോട്ടെടുപ്പിനിടെയുണ്ടായ വിവാദങ്ങളില്‍ അഭ്യന്തരവകുപ്പ് പ്രതിസന്ധിയില്‍

കൊല്ലം: നവവരനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ ഗുരുതര അലംഭാവം കാണിച്ച ഗാന്ധിനഗര്‍ എസ്.ഐയേയും ജി.ഡി.ചാര്‍ജിനേയും സസ്പെന്‍ഡ് ചെയ്തു. ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം പുറത്തു വന്ന കൊലപാതകവാര്‍ത്ത സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയതോടെ മുഖംരക്ഷിക്കാനായി കടുത്ത നടപടികളിലേക്ക് അഭ്യന്തരവകുപ്പ് കടന്നേക്കും എന്നാണ് സൂചന.

സംഭവത്തില്‍ നേരിട്ട് ഇടപെട്ട സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ കേസ് അന്വേഷണ ചുമതല കൊച്ചി, തിരുവനന്തപുരം റേഞ്ച് ഐജിമാരെ ഏല്‍പിച്ചിട്ടുണ്ട്.കൊച്ചി റേഞ്ച് ഐജി വിജയ് സാക്കറേയോട് കോട്ടയത്ത് പോയി സ്ഥിഗതികള്‍ വിലയിരുത്താന്‍ ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്. കോട്ടയം എസ്.പി, ഡിവൈഎസ്പി എന്നിവര്‍ സംഭവത്തില്‍ സ്വീകരിച്ച നടപടികളും ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധിച്ചു വരികയാണ്. വീഴ്ച്ചയുണ്ടെന്ന് തെളിഞ്ഞാല്‍ ഇവരേയും സ്ഥലം മാറ്റിയേക്കും. 

അതേസമയം സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാ പ്രതികളേയും ഉടന്‍ പിടികൂടുമെന്ന് ഡിജിപി വ്യക്തമാക്കി. പോലീസിന് വീഴ്ച്ച പറ്റിയെന്ന പരാതിയില്‍ കോട്ടയം ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നടപടികളുണ്ടാവും. ആദ്യപരിഗണന പ്രതികളെ പിടികൂടാനാണെന്നും ഡിജിപി വ്യക്തമാക്കി. കോട്ടയം എസ്.പിയുടെ കീഴില്‍ ക്രൈംബ്രാഞ്ച് സംഘവും, കൊല്ലത്ത് ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും ചേര്‍ന്ന പ്രത്യേക സംഘവും കൊലയാളികളെ കണ്ടെത്താന്‍ ഇതിനോടകം അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. 

അതേസമയം യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ മനുഷ്യാവകാശകമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഭാര്യ നല്‍കിയ പരാതി അവഗണിച്ചതും, യുവാവിന്‍റെ ജീവന്‍ അപകടത്തിലായിട്ടും സമയബന്ധിതമായി നടപടി എടുക്കാതിരുന്നതും ഗുരുതര വീഴ്ച്ചയാണെന്നരിക്കേ ഇതേക്കുറിച്ച് വിശദീകരണം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാനപോലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.