ചെന്നൈ: കോയമ്പത്തൂരില്‍ നിരീശ്വരവാദിയായ സാമൂഹ്യപ്രവര്‍ത്തകനെ വെട്ടിക്കൊന്ന സംഭവം അന്വേഷിയ്ക്കാന്‍ തമിഴ്‌നാട് പൊലീസ് പ്രത്യേകാന്വേഷണസംഘം രൂപീകരിച്ചു. പെരിയാറിന്റെ ആശയങ്ങള്‍ പ്രചരിപ്പിയ്ക്കുന്ന വാട്‌സപ്പ് ഗ്രൂപ്പുകള്‍ നടത്തിയതില്‍ പ്രകോപിതരായാണ് തീവ്രമതസംഘടനാപ്രവര്‍ത്തകര്‍ ഫറൂഖിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

ലിബറല്‍ ആശയങ്ങള്‍ പ്രചരിപ്പിയ്ക്കുന്ന വാട്‌സാപ്പ് ഗ്രൂപ്പുകളുടെ അഡ്മിനായിരുന്നു എച്ച് ഫറൂഖ് എന്ന സാമൂഹ്യപ്രവര്‍ത്തകന്‍. അള്ളാ മുര്‍ദത്ത് എന്ന പേരിലുള്ള വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ തമിഴ്‌നാട്ടിലെ വിവിധ ജില്ലകളില്‍ നിന്നുള്ള നാനൂറോളം പേര്‍ അംഗങ്ങളായിരുന്നെന്ന് പൊലീസ് പറയുന്നു. നിരീശ്വരവാദമുള്‍പ്പടെ പെരിയാറിന്റെ ദ്രാവിഡ ആശയങ്ങള്‍ പ്രചരിപ്പിയ്ക്കുന്ന ഈ ഗ്രൂപ്പ് പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് തീവ്രമതസംഘടനാപ്രവര്‍ത്തകര്‍ ഫറൂഖിനെ സമീപിച്ചിരുന്നു. എന്നാല്‍ ഫറൂഖ് ഇത് ചെവിക്കൊണ്ടിരുന്നില്ല. കൊലപാതകത്തിന് രണ്ടുദിവസം മുന്‍പ് ഫറൂഖ് കടവുള്‍ ഇല്ലൈ എന്നെഴുതിയ പോസ്റ്ററുമായി തന്റെ ഇളയ മകള്‍ നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. തനിയ്ക്ക് ഭീഷണി സന്ദേശങ്ങള്‍ വരുന്നുണ്ടെന്നും എന്നാല്‍ യഥാര്‍ഥ മനുഷ്യസ്‌നേഹികള്‍ തന്റെ ശത്രുക്കളല്ലെന്നും ഫറൂഖ് ഫേസ്ബുക്കില്‍ കുറിച്ചു. ഇതില്‍ പ്രകോപിതരായാണ് അക്രമികള്‍ ഫറൂഖിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് പൊലീസിന് ലഭിച്ചിരിയ്ക്കുന്ന വിവരം. കൊലപാതകത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് അന്‍സത്ത് എന്നയാള്‍ ശനിയാഴ്ച കോടതിയില്‍ കീഴടങ്ങിയിരുന്നു. എന്നാല്‍ ബൈക്കിലെത്തിയ നാലംഗസംഘമാണ് ഫറൂഖിനെ വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് ദൃക്‌സാക്ഷിമൊഴികള്‍. കൊലപാതകം ആസൂത്രണം ചെയ്‌തെന്ന് കരുതപ്പെടുന്ന സദ്ദാം ഹുസൈന്‍ എന്ന തീവ്രമതസംഘടനാപ്രവര്‍ത്തകന്‍ ബംഗലുരു സ്‌ഫോടനക്കേസിലെ പ്രധാനപ്രതിയുടെ ഭാര്യാസഹോദരനാണ്. ഇയാളുടെ ബന്ധുവായ ഷംസുദ്ദീന്‍, തീവ്ര മതാശയങ്ങള്‍ പ്രചരിപ്പിയ്ക്കുന്ന സംഘടനാപ്രവര്‍ത്തകരായ അക്രം, മുനാഫ് എന്നിവരാണ് മറ്റ് പ്രതികളെന്നും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കു വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും ഇതിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.