തൊടുപുഴ: ഇടുക്കി ജില്ലാ കോടതിയുടെ ശുചിമുറിയില്‍ ഒളിക്യാമറ വെച്ച കോടതി ജീവനക്കാരനെ പിടികൂടാന്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണിത്.
മുട്ടത്തുള്ള ഇടുക്കി ജില്ലാ കോടതിയുടെ ശുചിമുറിയില്‍ ഒളിക്യാമറ വെച്ചത് കോടതി അറ്റന്‍ഡറായ വിജു ഭാസ്‌കറാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ക്യാമറ സ്ഥാപിച്ചശേഷം തിരിഞ്ഞ് നടക്കുന്‌പോള്‍ ഇയാളുടെ ദൃശ്യങ്ങളും ക്യാമറയില്‍ പതിഞ്ഞതാണ് കേസന്വേഷണത്തില്‍ വഴിത്തിരിവായത്. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത ക്യാമറ വിജു ഭാസ്‌കറിന് കൈമാറിയതായി മുട്ടത്തെ കൊറിയര്‍ സര്‍വ്വീസ് ജീവനക്കാരനും പൊലീസിനെ അറിയിച്ചിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞ് രണ്ടാഴ്ച പിന്നിട്ടിട്ടും ആലപ്പുഴ പട്ടണക്കാട് സ്വദേശിയായ പ്രതിയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഒളിവില്‍ പോയ വിജു ഭാസ്‌കറിനായി ഇടുക്കിയിലെയും ആലപ്പുഴയിലെയും വിവിധ സ്ഥലങ്ങളില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കോടതിയിലെ വനിതാ ജീവനക്കാര്‍ ഇതില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ ഇടുക്കി ജില്ലാ പൊലീസ് മേധാവി എ വി ജോര്‍ജ് നിയോഗിച്ചത്. തൊടുപുഴ ഡിവൈഎസ്‌പി എന്‍ എന്‍ പ്രസാദിന്റെ മേല്‍നോട്ടത്തിലുള്ള സംഘത്തില്‍ കാഞ്ഞാര്‍ സി.ഐ. മാത്യു ജോര്‍ജ്, മുട്ടം എസ്.ഐ. എസ്. ഷൈന്‍, കുളമാവ് എസ്.ഐ. തോമസ്, കാഞ്ഞാര്‍ സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സിറിള്‍ എന്നിവരാണുള്ളത്. ഈ മാസം 15നാണ് കോടതി വളപ്പിലെ ശുചിമുറിയില്‍ ഫ്ലഷ് ടാങ്കിനോട് ചേര്‍ന്ന് ഒളിക്യാമറ കണ്ടെത്തിയത്. രാവിലെ 7.54 മുതല്‍ 11 മണി വരെയുള്ള ദൃശ്യങ്ങള്‍ ഇതില്‍ പതിഞ്ഞിരുന്നു.
