കൊച്ചി: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ വിവാദ പരാമര്‍ശം നടത്തിയെന്നാരോപിച്ച് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഈശ്വര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യമില്ല വകുപ്പ് പ്രകാരമുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് രാഹുല്‍ ഈശ്വര്‍ ഹര്‍ജി നൽകിയത്. 

എറണാകുളം പ്രസ് ക്ലബിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു രാഹുലിന്‍റെ വിവാദ പരാമ‍ർശം. രക്തം ചിന്തിപ്പോലും ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നത് തടയാൻ ഒരു പ്ലാൻ ബി ഉണ്ടായിരുന്നു എന്നായിരുന്നു രാഹുൽ ഈശ്വറിന്‍റെ പരാമർശം. എന്നാല്‍, തനിക്കെതിരായ പരാതിയിൽ അടിസ്ഥാനമില്ലെന്നും മനപ്പൂർവം ഉപദ്രവിക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ചാണ് രാഹുൽ കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച കോടതി രാഹുൽ ഈശ്വർ നടത്തിയ  വാർത്താ സമ്മേളനത്തിന്‍റെ സിഡി  ഹാജരാക്കാൻ നിർദേശിച്ചിരുന്നു.

സന്നിധാനം രക്തം വീണോ മൂത്രം വീണോ അശുദ്ധമായാല്‍ മൂന്നു ദിവസം നട അടച്ചിടാന്‍ ആരുടേയും അനുവാദം ആവശ്യമില്ല. അടച്ച നട തുറക്കണം എന്ന് ആവശ്യപ്പെടാന്‍ ആര്‍ക്കും അധികാരവുമില്ലെന്നാണ് രാഹുല്‍ ഈശ്വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ഇതിനായി ഇരുപതോളം പേർ തയ്യാറായി നിന്നിരുന്നു എന്നും രാഹുൽ ഈശ്വർ വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് കലാപത്തിന് ആഹ്വാനം നൽകിയതിന് രാഹുൽ ഈശ്വറിനെതിരെ എറണാകുളം പൊലീസ് കേസെടുത്തിരുന്നു. തിരുവനന്തപുരം സ്വദേശി പ്രമോദ് നൽകിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്.