ദുബായ്: കാറുകളും ബൈക്കുകളും ചീറിപ്പായുന്ന സ്റ്റണ്ട് ഷോ ആണ് ഗ്ലോബല്‍ വില്ലേജിലെ എത്തുന്നവരെ ആകര്‍ഷിക്കുന്നത്. ഈ അഭ്യാസ പ്രകടനം കാണാന്‍ എത്തുന്നവരും നിരവധിയാണ്. ഏതെങ്കിലും സിനിമയില്‍ നിന്നുള്ള രംഗമല്ലിത്. ദുബായ് ഗ്ലോബല്‍ വില്ലേജില്‍ എല്ലാ ദിവസവും അരങ്ങേറുന്ന സ്പീഡ്. ചെയ്സ്. ആക്ഷന്‍ എന്ന സ്റ്റണ്ട് ഷോയില്‍ നിന്നുള്ള രംഗങ്ങള്‍.

ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് മുപ്പത് അഭ്യാസികള്‍ ചേര്‍ന്നാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് അഭ്യാസികള്‍. അര മണിക്കൂറാണ് ഈ സ്റ്റണ്ട് ഷോയുടെ ദൈര്‍ഘ്യം. ഒരു കഥയുടെ അകമ്പടിയോടെയാണ് ഇത് അവതരിപ്പിക്കുന്നത്.

മ്യൂസിയത്തിലുള്ള ബ്ലാക് പേള്‍ മോഷ്ടിക്കുന്നതും പോലീസ് അധികൃതര്‍ മോഷ്ടാക്കളെ പിന്തുടര്‍ന്ന് കീഴ്പ്പെടുത്തി ബ്ലാക് പേള്‍ തിരിച്ചെടുക്കുന്നതുമാണ് കഥ. ധാരാളം സന്ദര്‍ശകരാണ് ഈ പരിപാടി കാണാനായി എത്തുന്നത്. ആയിരം പേര്‍ക്ക് ഇരുന്ന് കാണാനുള്ള പ്രത്യേക ഗാലറിയും ഒരുക്കിയിട്ടുണ്ട്. ഗ്ലോബല്‍ വില്ലേജില്‍ എത്തുന്നവര്‍ക്ക് സ്റ്റണ്ട് ഷോയിലേക്ക് പ്രവേശനം സൗജന്യമാണ്.