കോട്ടയം: നിര്‍ണായക പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷവും കേരള കോണ്‍ഗ്രസ് എമ്മിലെ അഭിപ്രായ ഭിന്നത രൂക്ഷമായി തുടരുന്നു. അതേസമയം, പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസങ്ങളില്ലെന്ന് കെ.എം മാണി ആവര്‍ത്തിച്ചു.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കണമെന്നാവശ്യവുമായി എത്തിയ പി.ജെ ജോസഫ്. ജോസഫിനെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്ന കെ.എം മാണി. പക്ഷേ രൂക്ഷമായ അഭിപ്രായ ഭിന്നത പറഞ്ഞു തീര്‍ക്കാന്‍ ചേര്‍ന്ന യോഗം നീണ്ടത് അരമണിക്കൂറോളം മാത്രം. സി.എഫ് തോമസ് പങ്കെടുക്കാത്തതിനാല്‍ വിശദ ചര്‍ച്ച നടത്തിയില്ലെന്നായിരുന്നു വിശദീകരണം.
രൂക്ഷമായ അഭിപ്രായ വ്യത്യാസം അതേപടി നില്‍നില്‍ക്കുന്നുവെന്നാണ് വിവരം . ഈ സാഹചര്യത്തിലാണ് വിശദ ചര്‍ച്ചകളിലേയ്‌ക്ക് കടക്കാതെ യോഗം പിരിഞ്ഞത്. അടുത്ത യോഗമെന്ന് ചേരുമെന്ന് തീരുമാനിച്ചിട്ടില്ല. സി.എഫ് തോമസ് ഒഴികെ എല്ലാ പാര്‍ലമെന്ററി പാര്‍ട്ടി അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.
