കുവൈത്തില്‍ വിദേശ തൊഴിലാളികള്‍ക്കായി നിലവിലുള്ള സ്‌പോണ്‍സര്‍ഷിപ്പ് സംവിധാനം റദ്ദാക്കണമെന്ന് ആവശ്യം. കുവൈത്ത് അസോസിയേഷന്‍ ഫോര്‍ ദ ഫണ്ടമെന്റല്‍സ് ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ആണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. നിലവിലുള്ള സംവിധാനം അടിമത്തത്തെ ഓര്‍മ്മിപ്പിക്കുന്നതാണെന്ന് സംഘടന വിമര്‍ശിച്ചു.

അടിമത്തമെന്ന് വിമര്‍ശിക്കപ്പെട്ട സ്‌പോണ്‍സര്‍ഷിപ്പ് സംവിധാനം എത്രയും വേഗം നിര്‍ത്തലാക്കി അന്താരാഷ്‌ട്ര നിലവാരത്തിനനുസരിച്ച് നിയമങ്ങള്‍ ആവിഷ്‌കരിക്കണമെന്നാണ് സംഘടന വാര്‍ഷിക റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കരാര്‍ കാലാവധി പൂര്‍ത്തിയാകുന്നതിനുമുമ്പ് തൊഴിലുടമയുടെ അനുമതിയില്ലാതെ മറ്റൊരു തൊഴില്‍ തേടാന്‍ വിദേശ തൊഴിലാളിക്ക് അനുവാദമില്ല. ഈ വ്യവസ്ഥ വിദേശികളെ വ്യാപകമായി ചൂഷണം ചെയ്യുകയാണ്. പതിനായിരക്കണക്കിന് വിദേശ തൊഴിലാളികളെ ആഭ്യന്തര മന്ത്രാലയം ഓരോ വര്‍ഷവും അവരുടെ നാട്ടിലേക്ക് തിരിച്ചയയ്‌ക്കുകയാണ്. ഔദ്യോഗിക നാടുകടത്തല്‍ എന്നു വിശേഷിപ്പിക്കുന്ന ഈ നടപടിക്കെതിരേയും സംഘടന ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അവസാന കോടതിവിധിക്കുശേഷം മാത്രമേ വിദേശികളെ നാടുകടത്താവൂയെന്ന് സംഘടന ആവശ്യപ്പെടുന്നു. പൊതു ആരോഗ്യ സെന്ററുകളില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കുമായി രണ്ടുതരത്തിലുള്ള ചികിത്സാസേവനങ്ങള്‍ നല്‍കുന്നത് ദേശീയതയുടെ പേരിലുള്ള വിവേചനമാണെന്ന് സംഘടനാ റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു.എന്നാല്‍, ഗാര്‍ഹിക തൊഴിലാളികള്‍ക്കായി പ്രത്യേക നിയമം കൊണ്ടുവന്നതും ദേശീയ മനുഷ്യാവകാശ വകുപ്പിന് രൂപംനല്‍കിയതും അഭിനന്ദനാര്‍ഹമാണെന്നും ഈ നീക്കത്തെ സ്വാഗതം ചെയ്യുന്നതായും സംഘടന വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈയില്‍ ലക്ഷക്കണക്കിന് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കുറഞ്ഞകൂലി നിശ്ചയിച്ച് നടപ്പാക്കിയ ആദ്യ ഗള്‍ഫ് രാജ്യമാണ് കുവൈറ്റ്. ഊര്‍ജ സമ്പന്നമായ ഗള്‍ഫ് രാജ്യങ്ങളുടെ മൊത്തംജനസംഖ്യ 44 ലക്ഷം ഉള്ളതില്‍ 69.67 ശതമാനവും വിദേശികളാണ്.