Asianet News MalayalamAsianet News Malayalam

സ്പോണ്‍സര്‍മാരുടെ വ്യാജ പരാതി; പ്രവാസികള്‍ക്ക് അശ്വാസം നല്‍കുന്ന ഉത്തരവുമായി സൗദി തൊഴില്‍മന്ത്രാലയം

  • വ്യാജ പരാതി നൽകുന്ന തൊഴിലുടമയിൽ നിന്നും തൊഴിൽമാറ്റം നടത്താം
  • തൊഴിലുടമകൾക്കുമെതിരെ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കും
Sponsorship change issue in Saudi arabia

റിയാദ്: സ്പോൺസർ വ്യാജ പരാതി നൽകിയാൽ സ്‌പോണ്‍സറുടെ അനുമതിയില്ലാതെ തന്നെ വിദേശികൾക്ക് തൊഴില്‍മാറ്റം നടത്താമെന്ന് സൗദി തൊഴിൽ മന്ത്രാലയം അറിയിച്ചു. തൊഴിലാളി ഒളിച്ചോടിയതായോ ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നതായോ വ്യാജ പരാതി നൽകുന്ന തൊഴിലുടമയിൽ നിന്നും ഇനിമുതൽ വിദേശികൾക്ക് തൊഴിൽമാറ്റം നടത്താൻ കഴിയും. വിദേശ തൊഴിലാളി ഒളിച്ചോടിയതായി വ്യാജ പരാതി നൽകുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കും തൊഴിലുടമകൾക്കുമെതിരെ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം സ്ഥാപനങ്ങൾക്ക് തൊഴിൽ മന്ത്രാലയത്തിൽനിന്നുള്ള സേവനങ്ങൾക്ക് അഞ്ചു വർഷം വരെ വിലക്കേർപ്പെടുത്തും.

കൂടാതെ ഇത്തരം തൊഴിലുടമക്ക് കീഴിൽ ജോലിചെയ്യുന്ന വിദേശികൾക്ക് മറ്റൊരു സ്‌പോൺസറുടെ പേരിലേക്ക് തൊഴിൽ മാറ്റം നടത്താനും കഴിയും. അതിനു നിലവിലുള്ള തൊഴിലുടമയുടെ അനുമതി ആവശ്യമില്ലെന്നും തൊഴിൽ മന്ത്രാലയം അറിയിച്ചു. തുടർച്ചയായി മൂന്നു മാസം വേതനം ലഭിക്കാതിരിക്കുന്ന ഘട്ടത്തിലും സ്‌പോൺസറുടെ അനുമതിയില്ലാതെ വിദേശികൾക്ക് തൊഴിൽമാറ്റം നടത്താം. ഇഖാമ കാലാധി അവാസാനിക്കുകയും അവ പുതുക്കി നല്‍കുന്നതിനു സ്‌പോണ്‍സര്‍ തയ്യാറാവാതിരിക്കുയും ചെയ്യുന്ന ഘട്ടത്തിലും  തൊഴിലുടമയുടെ അനമതിയില്ലാതെ മറ്റൊരു തൊഴിലുടമയിലേക്കു സ്‌പോൺസർഷിപ് മാറ്റുന്നതിനും വിദേശ തൊഴിലാളികൾക്ക് സാധിക്കും.

Follow Us:
Download App:
  • android
  • ios