തിരുവനന്തപുരം: പുലര്‍ച്ചെ വരെ നീണ്ട് മെഡിക്കല്‍ ഡെന്റല്‍ പ്രവേശനം. സര്‍ക്കാരുമായി കരാര്‍ ഒപ്പിടാത്ത കണ്ണൂര്‍, കരുണ, കെ എം സി ടി, കോളേജുകളില്‍ ഉള്‍പ്പെടെ 543 സീറ്റുകളിലേക്കാണ് അലോട്ട്‌മെന്റ് നടന്നത്.

ഇന്നലെ രാവിലെ തുടങ്ങിയ പ്രവേശനം അവസാനിച്ചത് ഇന്ന് പുലര്‍ച്ചെ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമാണ് ദിവസം മുഴുവനും അലോട്ടമെന്റിനായി കാത്ത്‌നിന്നത്. മെഡിക്കല്‍ പ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളിയത് വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായിരുന്നു. കണ്ണൂരിലും കെ എം സി ടിയിലും 10 ലക്ഷവും, കരുണയില്‍ ഏഴേ മുക്കാല്‍ ലക്ഷവുമാണ് പ്രവേശഫീസ്. പ്രവേശഫീസിനൊപ്പം രണ്ടര ലക്ഷം രൂപ ടോക്കണ്‍ അഡ്വാന്‍സും, 40 ലക്ഷത്തിന്റെ ബാങ്ക് ഗ്യാരണ്ടിയും നല്‍കിയാലെ സ്‌പോട്ട് അഡ്‌മിഷനിലൂടെ പ്രവേശനം അനുവദിക്കൂ. സര്‍ക്കാര്‍ നേരത്തെ അപ്പീലുമായി പോയിരുന്നെങ്കില്‍ കുറഞ്ഞ ഫീസില്‍ പ്രവേശനം നേടാന്‍ കഴിയുമെന്നായിരുന്നു വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കരുതുന്നത്. സ്‌പോര്‍ട്ട അഡ്മിഷനെതിരെയും രക്ഷിതാക്കള്‍ക്ക് പരാതിയുണ്ട്.