Asianet News MalayalamAsianet News Malayalam

റഷ്യ ഒറ്റപ്പെടുന്നു, ശീതയുദ്ധത്തിന് ശേഷമുള്ള ഏറ്റവും കടുത്ത പ്രതിസന്ധി

  • റഷ്യ ഒറ്റപ്പെടുന്നു, ശീതയുദ്ധത്തിന് ശേഷമുള്ള ഏറ്റവും കടുത്ത പ്രതിസന്ധി
Spy poisoning Russian diplomats expelled across US and Europe

വാഷിങ്ടണ്‍: മുൻ റഷ്യൻ ചാരനേയും മകളേയും ബ്രിട്ടനിൽ വച്ച് വധിക്കാൻ ശ്രമിച്ച സംഭവത്തിൽ റഷ്യ ഒറ്റപ്പെടുന്നു. അറുപത് റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ അമേരിക്ക പുറത്താക്കി. പിന്നാലെ ഫ്രാന്‍സും ജര്‍മ്മനിയും സ്പെയിനും ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യംവിടാന്‍ ആവശ്യപ്പെട്ടു.

ശീതയുദ്ധത്തിന് ശേഷമുള്ള ഏറ്റവും കടുത്ത പ്രതിസന്ധിയെയാണ് റഷ്യ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. പ്രസിഡന്‍റ് പുതിനോട് അടുപ്പം കാണിച്ചിരുന്ന ഡോണള്‍ഡ് ട്രംപിന്‍റെ നടപടി റഷ്യയെ ഞ‌െട്ടിക്കുന്നതായിരുന്നു. അറുപത് റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയ അമേരിക്ക, സിയാറ്റിലിലുള്ള റഷ്യന്‍ കോണ്‍സുലേറ്റ് അടച്ചുപൂട്ടാന്‍ ആവശ്യപ്പെട്ടു. 

പിന്നാലെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും ബ്രിട്ടന് പിന്തുണയുമായെത്തി. ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, സ്പെയിന്‍ തുടങ്ങി 16 രാജ്യങ്ങള്‍ റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടു. 33 റഷ്യന്‍ ഉദ്യോഗസ്ഥരെയാണ് ഈ രാജ്യങ്ങള്‍ ചേര്‍ന്ന് പുറത്താക്കിയത്. യുക്രെയ്ന്‍, കാനഡ, അല്‍ബേനിയ, നോര്‍വേ, മാസിഡോണിയ എന്നീ രാജ്യങ്ങളും റഷ്യന്‍ ഉദ്യോഗസ്ഥരെ പുറത്താക്കി. 

റഷ്യയുമായുള്ള ഉന്നതതല ചര്‍ച്ചകളില്‍ നിന്ന് പിന്മാറുന്നതായി ഐ‍സ്‍ലന്‍ഡ് പ്രഖ്യാപിച്ചു. ഒപ്പം ജൂണില്‍ റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളിന് ഉയര്‍ന്ന ഉദ്യോഗസ്ഥരെ അയക്കില്ലെന്നും ഐസ്‍ലന്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ മുൻ റഷ്യൻ ചാരൻ സെർജി സ്ക്രിപാലിനേയും മകളേയും ഇംഗ്ലണ്ടിലെ സാൽസ്ബറിയില്‍ രാസായുധം കുത്തിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ റഷ്യ കൂടുതല്‍ ഒറ്റപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഇരുവരും ഇപ്പോഴും ചികിത്സയിലാണ്. 

Follow Us:
Download App:
  • android
  • ios