Asianet News MalayalamAsianet News Malayalam

പാലായിലെ 'മാണി ഫാക്ടര്‍', മറികടക്കാൻ ബിജെപിക്ക് കഴിയും: പിഎസ് ശ്രീധരൻപിള്ള പറയുന്നു

കേരളത്തിന്റെ താത്പര്യം സംരക്ഷിക്കപ്പെടാൻ എല്ലാവരോടൊപ്പം നിന്ന് മുന്നോട്ട് പോകാൻ ബിജെപി പ്രതിജ്ഞാബദ്ധമാണ്. 

sreedharan pillai interview
Author
Thiruvananthapuram, First Published Sep 8, 2019, 4:13 PM IST

പാലാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ പ്രചാരണ ചൂടിലാണ്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ പി ശ്രീധരൻപിള്ള. ഏഷ്യാനെറ്റ് ന്യൂസിന്‍റെ 'നേതാവിനൊപ്പം' എന്ന പരിപാടിയിൽ നിന്ന്...

ചോദ്യം: കഴിഞ്ഞ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകൾ കണക്കിലെടുക്കുമ്പോൾ പാലായിൽ ബിജെപിയുടെ വോട്ട് കൂടുകയാണോ? ഇത്തവണ കെ എം മാണിയുടെ നിര്യാണത്തിന് ശേഷം ഒരു ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്. നേരത്തെ രണ്ട് തെരഞ്ഞെടുപ്പുകളിലുമുണ്ടായ ട്രെൻഡ് നിലനിർത്താൻ പാലായിൽ ബിജെപിക്ക് സാധിക്കുമോ?

ഉത്തരം: രാഷ്ട്രീയ സാഹചര്യം കണിക്കിലെടുത്ത് പ്രവചിക്കാൻ കഴിയാത്ത മണ്ഡലമായിട്ടാണ് കഴിഞ്ഞ കുറേ ദശകങ്ങളായി പാലായെ കുറിച്ച് മനസിലാക്കിയിട്ടുള്ളത്. കെ എം മാണി ഇടത് പക്ഷത്തിരുന്നപ്പോഴായാലും, കേരളാ കോൺഗ്രസുകാരൻ ആയിരുന്നപ്പോഴും, 1965ൽ ഒറ്റക്ക് മത്സരിച്ചപ്പോഴും അദ്ദേഹത്തിന്‍റെ അങ്കുലി ചലനങ്ങൾക്ക് വലിയ വില ഉണ്ടായിട്ടുണ്ട്. ഞാൻ അത് ഒരിക്കലും നല്ലൊരു രാഷ്ട്രീയ പ്രയാണമായി കാണുന്നില്ല. വ്യക്തികൾക്കനുസരിച്ച് പോകുന്ന മണ്ഡലങ്ങൾക്കുണ്ടാകുന്ന ​ഗതികേട് ഈ മണ്ഡലത്തിനും ഉണ്ടായിട്ടുണ്ട്. വികസന പരമായിട്ട് പാലായിൽ ഒന്നും ഉണ്ടായിട്ടില്ല. ബിജെപി കാലാനുസൃതമായ മാറ്റത്തിന്‍റെ കുളമ്പടി നാദം ഉൾക്കൊള്ളുന്ന പ്രസ്ഥാനമാണ്. പൊതുജനത്തിന്‍റെ ചലനങ്ങൾ ബിജെപിക്ക് അനുകൂലമാക്കാൻ എല്ലാവരും ശ്രമിക്കുന്നുണ്ട്. പൊതുസമൂഹത്തിന്റെ ചലനങ്ങൾ ബിജെപിയെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കും. അതായിരിക്കും ഈ തെരഞ്ഞെടുപ്പിലെ ഫലങ്ങളെന്ന് കണക്കാക്കുന്നു.

ചോദ്യം: നിഷ്പക്ഷരായ വോട്ടർമാർ ഇത്തവണ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യും, സംഘടനാ സംവിധാനത്തിൽ ബിജെപിക്ക് അത്രത്തോളം ശക്തിയില്ല പാലായിൽ എന്നാണോ?

ഉത്തരം: സംഘടനാ പരമായി പാർട്ടി ശക്തമാണ്. ജനങ്ങളുടെ ചിന്തകൾ അനുകൂലമാക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

ചോദ്യം: കേരളാ കോൺ​ഗ്രസിൽ നിന്നുള്ള പഴയ രണ്ട് വിഭാ​ഗങ്ങൾ എൻഡിഎക്കൊപ്പമാണ് ഉള്ളത്. സ്ഥാനാർത്ഥി നിർണ്ണയ വേളയിൽ പിസി ജോർജ് ഏറ്റവും ഒടുവിൽ വന്നു. പിസി തോമസിന് സ്ഥാനാർത്ഥി ആയാൽ കൊള്ളമെന്നുള്ള റിപ്പോർട്ടുകളും ഉണ്ടായിരുന്നു. പക്ഷേ ബിജെപി തന്നെ പാലാ മനണ്ഡലം നിലനിർത്തുന്നു. എന്തുകൊണ്ടാണ് പാലായിൽ ഘടക കക്ഷികളുടെ നിർദ്ദേശം പരി​ഗണിക്കാതിരുന്നത്?

ഉത്തരം: എൻഡിഎയുടെ മീറ്റിങ്ങിൽ ഏകകണ്ഠമായ തീരുമാനമാണ് ഉണ്ടായത്.  പിസി ജോർജും പിസി തോമസും ഉൾപ്പടെ ബിജെപി മത്സരിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. മറ്റൊരു നിർദ്ദേശം യോ​ഗത്തിൽ ഉണ്ടായിട്ടില്ല. മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ ഉത്തരം പറയേണ്ട ബാധ്യത എനിക്കില്ല.

ചോദ്യം: ക്രൈസ്തവ സഭകളെ ഒപ്പം കൊണ്ടുവരൻ നേരത്തെെ തന്നെ ബിജെപി ശ്രമിച്ചിട്ടുള്ളതാണ്. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ക്രൈസ്തവ സഭകളോക്കെ പിന്തുണച്ചത് യുഡിഎഫ് വോട്ടർമ്മാരെയാണ്

ഉത്തരം: 48 ശതമാനം വരുന്ന മൈനോരിറ്റിയുടെ മനസ്സിലും ആർഎസ്എസും ബിജെപിയും മോദിയും ഭയാശങ്ക സൃഷ്ടിച്ചുകൊണ്ടുള്ള രാഷ്ട്രീയമാണ് കൈകാര്യം ചെയ്തതെന്നാണ് പറയുന്നത്. അതിൽ നിലം ഉഴുത് വിതച്ചത് സിപിഎം ആണ്. വിദ്യേഷത്തിന്‍റെ വിളവെടുപ്പ് നടത്തിയത് യുഡിഎഫും. ഈ രണ്ട് പാപപങ്കിലതക്കും ഞങ്ങൾ പങ്കാളികളല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടിയില്ല എന്നുള്ളതിൽ ഞങ്ങൾക്ക് യാതൊരു ദുഃഖവും ഇല്ല. തത്വാധിഷ്ടിത രാഷ്ട്രീയത്തിന് വേണ്ടി ബിജെപി എന്നും  നില കൊള്ളുകയാണ്.
 
ചോദ്യം : ഇരുമുന്നണികളും ന്യൂന പക്ഷങ്ങൾക്കിടിയിൽ ഉണ്ടാക്കുന്ന ഭീതി പരി​ഹരിച്ച് ബിജെപിക്ക് കൂടുതൽ ന്യൂനപക്ഷങ്ങളുടെ ഇടയിൽ മുന്നേറാൻ സാധിക്കുമെന്നാണോ?

ഉത്തരം: കെ എം മാണി ഫാക്ടറാണ് പാലാ മണ്ഡലത്തിലുള്ളത്. കേരളാ കോൺ​ഗ്രസല്ല. അത് മാറ്റാൻ സാധിച്ച പാർട്ടിയാണ് ബിജെപി. മുമ്പ് പിസി തോമസിന് ജോസ് കെ മാണിയെ മുട്ടുകുത്തിക്കാൻ സാധിച്ചിട്ടുണ്ടെങ്കിൽ കേരളാ കോൺ​ഗ്രസിന്റെ കുത്തകയാണ് ഈ മണ്ഡലം എന്ന് പറയുന്നതിൽ അർത്ഥമൊന്നുമില്ല. അതുകൊണ്ട് ഭൂരിപക്ഷ ന്യൂനപക്ഷ വിവേചനം കൂടാതെ എല്ലാവരേയും ഉൾക്കൊള്ളാൻ ബിജെപി ആ​ഗ്രഹിക്കുന്നു. 

ചോദ്യം: ശബരിമല യുവതീപ്രവേശനം ഇത്തവണയും പാല ഉപതെരഞ്ഞെടുപ്പിൽ ബിജെപി പ്രധാന വേട്ട് വിഷയം ആക്കുന്നുണ്ടോ?

ഉത്തരം: കാലികമായ എല്ലാ വിഷയങ്ങളും ബിജെപി വിഷയമാക്കും . മോദിയുടെ ജൈത്രയാത്ര, അദ്ദേഹം ചെയ്ത സേവനങ്ങൾ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വന്നപ്പോൾ കേരളത്തിൽ വന്നില്ല, ശബരിമലയിലെ അടിച്ചമർത്തലുകൾ, നിരീശ്വരവാദികളുടെ തേർവാഴ്ച തുടങ്ങിയവ ബിജെപി അനുകൂല ഘടകമാക്കാൻ ശ്രമിക്കും. വികസനം ഞങ്ങൾ‌ കൊണ്ടുവരും. വികസനത്തിൽ പിന്തള്ളപ്പെട്ടുപോയ പാലാ മണ്ഡലത്തെ പറ്റിയും ജനങ്ങളോട് പറയും. 

ചോദ്യം: പാലായിൽ റബ്ബറാണ് പ്രധാനവിള, ഇതിന്റെ വിലയിടിവ് പ്രധാനപ്പെട്ട ഒരു വിഷയമാണ്

ഉത്തരം: ഇതെല്ലാം പാർട്ടിയുടെ  കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ബന്ധപ്പെട്ട മന്ത്രിയെ വിവരം ധരിപ്പിച്ചട്ടുണ്ട്. കേരളത്തിന്റെ താത്പര്യം സംരക്ഷിക്കപ്പെടാൻ എല്ലാവരോടൊപ്പം നിന്ന് മുന്നോട്ട് പോകാൻ ബിജെപി പ്രതിജ്ഞാബന്ധമാണ്.

ചോദ്യം: ശബരിമല യുവതീപ്രവേശനത്തിൽ വളരെ പ്രത്യക്ഷമായ സമരപരിപാടികളാണ് ബിജെപി ചെയ്തത്. പക്ഷേ ലേക്സഭാ തെരഞ്ഞെടുപ്പ് വന്നപ്പോൾ അതിന്റെ നേട്ടം യുഡിഎഫിനാണ് ഉണ്ടായത്.

ഉത്തരം: മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി എന്നതാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ നടന്നത്. സിപിഎമ്മിനെ പോലെ കപടമുഖമാണ് യുഡിഎഫിന് ശബരിമല വിഷയത്തിൽ ഉണ്ടായിരുന്നത്. അത് ജനങ്ങൾക്ക് മനസിലാക്കാൻ കഴിയാതെ പോയതിന് കാരണം പ്രചാരണത്തിലെ പ്രശ്നങ്ങളാണ്. സംസ്ഥാനത്തെ പ്രചാരണ മാധ്യമങ്ങൾ ബിജെപിയോട് അത്ര ക്രൂരമായാണ് പെരുമാറുന്നത്.

ചോദ്യം:  കേന്ദ്രത്തിൽ  അധികാരത്തിൽ വന്നാൽ ശബരിമല യുവതീപ്രവേശനം മറികടക്കാനുള്ള നിയമം കൊണ്ടുവരും എന്ന് പറഞ്ഞ ബിജെപി ഇപ്പോൾ വിശ്വാസികളെ വഞ്ചിച്ചിരിക്കുകയാണ് എന്നാണ് സിപിഎം ഏറ്റവും കൂടുതലായി പറയുന്നത്.

ഉത്തരം: ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണയാണ് അവർ പ്രചരിപ്പിക്കുന്നത്. സിപിഎം എന്ന പാർട്ടിക്ക് ഇന്ന് ഇന്ത്യയിൽ എന്താണ് പ്രസക്തി. ഒരുശതമാനം വോട്ട് കിട്ടുന്ന പാർട്ടിയെ ആര് പരി​ഗണിക്കാനാണ്.  സംസ്ഥാന വിഷയമാണ് ശബരിമല. വിഷയത്തിൽ റിവ്യൂ ഹർജിയിൽ സുപ്രീംകോടതി വിധി പറയാൻ വച്ചിരിക്കുകയാണ്. റിവ്യൂ ഹർജി കഴിഞ്ഞാലും നിയമ യുദ്ധത്തിന് സാധ്യതയുണ്ട്.  കേന്ദ്രസർക്കാരിന് ഇടപെടാം എന്ന് പറയുന്നത് ഏറ്റവും വലിയ പമ്പര വിഡ്ഢിത്തമാണ്.

ചോദ്യം: പാലായിലെ സ്ഥാനാർത്ഥി എൻഎസ്എസ് ജനറൽ സെക്രട്ടറിയെ കാണാൻ ചെന്നപ്പോൾ തന്നെ ചില അനിഷ്ടങ്ങൾ പ്രകടിപ്പിച്ചുവെന്ന റിപ്പോർട്ടുകൾ 

ഉത്തരം: ഇത്തരം വാർത്തകളിൽ ഞാൻ വിശ്വസിക്കുന്നില്ല. 

ചോദ്യം;  ഇത്തവണ ബിഡിജെഎസിന്റെ പിന്തുണ പൂർണമായും കിട്ടുമോ?

ഉത്തരം: എസ്എൻഡിപി യോ​ഗത്തിനും എൻഎസ്എസിനും പുലയ മഹാസഭയ്ക്കും അവരുടേതായ തീരുമാനമെടുക്കാനുള്ള അവകാശമുണ്ട്. ബിഡിജെഎസ് ഞങ്ങളുടെ അഭിവാജ്യ ഘടകമാണ്. അവർ ഞങ്ങളുടെ എല്ലാ പരിപാടികളിലും പങ്കെടുക്കുന്നുണ്ട്.

ചോദ്യം: തുഷാർ വെള്ളാപ്പള്ളിയുടെ കേസിലടക്കം പിണറായി വിജയൻ നിലപാടെടുത്തു. എന്നാൽ ബിജെപി തുടക്കത്തിൽ നിലപാട് എടുക്കാത്തതിൽ വെള്ളാപ്പള്ളി നടേശൻ അതൃപ്തി പ്രകടിപ്പിച്ചിരുന്നു

ഉത്തരം: കേന്ദ്ര സഹമന്ത്രി മുരളീധരൻ കേന്ദ്രസർക്കാരും കേരള മുഖ്യമന്ത്രിയും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. അവരോടെല്ലാം നന്ദി രേഖപ്പെടുത്തിയിരുന്നു.

Follow Us:
Download App:
  • android
  • ios