വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ എത്തിക്കുകയാണ് പ്രധാന ലക്ഷ്യമെന്നും കേരളത്തില്‍ എന്‍ഡിഎ വിപുലീകരിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.  

തിരുവനന്തപുരം: വി.എം.സുധീരനടക്കം നിരാശരായ നേതാക്കളെ ബിജെപിയിലേക്ക് ക്ഷണിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി ചുമതലയേറ്റ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 

തിരുവനന്തപുരത്തെ സംസ്ഥാന സമിതി ആസ്ഥാനത്ത് എത്തിയാണ് ശ്രീധരന്‍പിള്ള ചുമതലയേറ്റത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ എത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും കേരളത്തില്‍ എന്‍ഡിഎ വിപുലീകരിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. 

രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്‍കിയതില്‍ പ്രതിഷേധിച്ച് വിഎം സുധീരന്‍ യുഡിഎഫ് ഉന്നതാധികാര സമിതിയില്‍ നിന്ന് ഇന്ന് രാവിലെ രാജിവച്ചിരുന്നു. ഇമെയില്‍ വഴിയാണ് കത്തയച്ചത്.