കാസർഗോഡ്: കോൺഗ്രസ് അക്രമത്തിനെതിരെ സംസാരിക്കുന്നതിനെ അറവ് ശാലയിൽ നിന്നും ഉയരുന്ന അഹിംസ വാദമായി കാണാനേ കഴിയുകയുള്ളുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. ബിജെപിയുടെ ഡിജിറ്റൽ പ്രചാരണ വാഹനത്തിന്‍റെ സംസ്ഥാനതല പര്യാടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രീധരൻ പിള്ള.

അക്രമങ്ങൾ ഉണ്ടാക്കുന്ന കാര്യത്തിൽ  സിപിഎമ്മും കോൺഗ്രസും തമ്മിൽ  വ്യത്യാസമില്ലെന്നും മുല്ലപ്പള്ളിയുടെ പ്രസംഗം വേശ്യയുടെ ചാരിത്ര്യപ്രസംഗം പോലെയാണെന്നും പി എസ് ശ്രീധരൻ പിള്ള പറഞ്ഞു.യു ഡി എഫും എൽ ഡി എഫും ബി ജെ പി യെ സംബന്ധിച്ച് വർജ്ജ്യ വസ്തുക്കളാണെന്നും ഭയപ്പാട് കൊണ്ട് നുണപ്രചാരണത്തിലാണ് രണ്ട് മുന്നണികളെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു.

എസ് രാജേന്ദ്രനെ പോലുള്ളവർക്ക് പ്രോത്സാഹനം നൽകുന്ന നിലപാടാണ് സർക്കാറിനുള്ളതെന്നും പി പി മുകുന്ദൻ മത്സരിക്കുന്ന കാര്യം അദ്ദേഹത്തോട് ചോദിക്കണമെന്നും താൻ പ്രതികരിക്കാൻ ഇല്ലെന്നും  ശ്രീധരൻ പിള്ള  കാസർഗോഡ് പറഞ്ഞു.