ദുബായ്: യുഎഇയില്‍ കോടികളുടെ തട്ടിപ്പിന് പുറമേ സാധരണക്കാരും ശ്രീജിത്തിന് ഇരയായതിന്‍റെ തെളിവുകള്‍ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. ദുബായില്‍ ബിസിനസ് തുടങ്ങാന്‍ തിരുവനന്തപുരം സ്വദേശി ബിജോയി കെ ജോസഫ് ബാങ്ക് വായ്പയെടുത്ത 36 ലക്ഷമാണ് ശ്രീജിത് സ്വന്തമാക്കിയത്.
2015ല്‍ ജാസ് ടൂറിസം കമ്പനി പാര്‍ട്ണര്‍ രാഹുല്‍കൃഷ്ണവഴിയാണ് തിരുവനന്തപുരം സ്വദേശിയായ ബിജോയ് കെ ജോസഫ് ശ്രീജിത്ത് വിജയന് കാശ് നല്‍കിയത്. ദുബായില്‍ ട്രാവല്‍ ടൂറിസം മേഖലയില്‍ ജോലിചെയ്യുകയായിരുന്ന ബിജോയും നഴ്സായ ഭാര്യയും പുതിയ ബിസിനസ് സംരഭത്തിനായി വായ്പയെടുത്ത മുപ്പത്തിയാറു ലക്ഷം രൂപ ശ്രീജിത്ത് കൈക്കലാക്കുകയായിരുന്നു.
ബിസിനസ് സംബന്ധമായ അത്യാവശ്യകാര്യത്തിനാണെന്നും ഉടന്‍ തിരിച്ചുനല്‍കാമെന്നും പറഞ്ഞാണ് കാശ് വാങ്ങിയതെന്ന് ബിജോയി പറഞ്ഞു. എമിറേറ്റ്സ് എന്‍ബിഡി ബാങ്കില്‍ ശ്രീജിത്തിന്‍റെ പേരിലുള്ള ചെക്കും ബിജോയിക്ക് നല്‍കി. എന്നാല്‍ കാശ് തിരിച്ചു നല്‍കാമെന്നേറ്റ സമയം കഴിഞ്ഞും കിട്ടിയില്ല. ചെക്ക് മടങ്ങിയതോടെ ദുബായി നയിഫ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
പിന്നീട് നിരവധി തവണ ശ്രീജിത്തിന്‍റെ നാട്ടിലുള്ള നമ്പരില്‍ ബന്ധപ്പെട്ടെങ്കിലും മറുപടിയുണ്ടായില്ലെന്ന് ബിജോയി പറഞ്ഞു. ദുബായി ബീറ്റ്സ് ഫെസിലിറ്റീസ് മാനേജ്മെന്‍റ് കമ്പനിയില്‍ മാന്‍പവര്‍ സപ്ലൈ നടത്തിയിരുന്ന ശ്രീജിത്. ദേര മൗണ്ട് റിയല്‍ ഹോട്ടലിലെ ബീറ്റ്സ് നെറ്റ് ക്ലബ് നടത്തിപ്പുകാരന്‍ കൂടിയായിരുന്നു. ഇവിടെയുണ്ടായിരുന്ന 18 തൊഴിലാളികള്‍ക്ക് മാസങ്ങളുടെ ശമ്പള കുടിശ്ശിക നല്‍കാതെ മുങ്ങിയതിന്‍റെ പേരില്‍ ലേബര്‍ കോടതിയിലും ശ്രീജിത്ത് ബിജയനെതിരെ പരാതിയുണ്ട്.
വണ്ടിച്ചെക്ക് നല്‍കി വഞ്ചിച്ചെന്ന കേസില്‍ 2017 മേയ് 25-നാണ് ദുബായ് കോടതി ശ്രീജിത്തിനെ രണ്ട് വര്‍ഷം ശിക്ഷിച്ചത്. അതേസമയം ഒരു മില്യണ്‍ ദിര്‍ഹത്തിന്‍റെ സിവില്‍ കേസില്‍ മറ്റൊരളുടെ പാസ്പോര്‍ട്ട് സമര്‍പ്പിച്ച് യാത്രാവിലക്ക് നീക്കാനുള്ള ബിനോയ് കോടിയേരിയുടെ നീക്കം വൈകുകയാണ്.
