വരാപ്പുഴ കസ്റ്റഡി മരണം: വിനീഷിന്‍റെ ആദ്യ മൊഴിയിൽ  ശ്രീജിത്തിന്റെ  പേരില്ല

First Published 12, Apr 2018, 11:44 AM IST
Sreejith custody death new Allegations against police
Highlights
  • വരാപ്പുഴ കസ്റ്റഡി മരണം: വിനീഷിന്‍റെ ആദ്യ മൊഴിയിൽ  ശ്രീജിത്തിന്റെ  പേരില്ല

കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തില്‍ പൊലീസിനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവന്നതു. ആത്മഹത്യ ചെയ്ത വാസുദേവന്റെ മകൻ വിനീഷ്, പ്രതികളുടെ അറസ്റ്റിനു മുന്പും ശേഷവും നൽകിയെന്ന് പറയപ്പെടുന്ന രണ്ടു മൊഴികളുടെ പകർപ്പാണ് പുറത്തു വന്നത്‌. ശ്രീജിത്തിന്റെ പേര് പറഞ്ഞിട്ടില്ലെന്ന വിനീഷിന്റെ വാദം ശരിയെന്ന് തെളിയിക്കുന്നതാണ് ആദ്യ മൊഴി.

വീടാക്രമണത്തിൽ മരിച്ച വാസുദേവന്റെ  മകൻ വിനീഷ് പറഞ്ഞതനുസരിച്ചാണ്  കസ്റ്റഡിയിൽ മരിച്ച ശ്രീജിത്ത് അടക്കമുള്ളവരെ പിടികൂടിയതെന്നായിരുന്നു പൊലീസിന്റെ അവകാശ വാദം. പ്രതികളെ കസ്റ്റഡിയിലെടുത്ത ശേഷം  ശ്രീജിത്തിന്റെ പേരുൾപ്പെടെ വിനീഷ് നൽകിയതായി പറയപ്പെടന്ന മൊഴിയും പൊലീസ് പുറത്തുവിട്ടിരുന്നു.എന്നാൽ താൻ അങ്ങനെയൊരു മൊഴി കൊടുത്തിട്ടില്ലെന്നായിരുന്നു  വിനീഷിന്റ അവകാശവാദം.

ഇത് തെളിയിക്കുന്ന ആദ്യ മൊഴിയുടെ പകർപ്പാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. വീടാക്രമണത്തിന് തൊട്ടുപിന്നാലെ വിനീഷ് നൽകിയ ഈ മൊഴിയിൽ  ശ്രീജിത്തിന്റെ  പേരില്ല. ആളുമാറിയാണ് ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് എന്ന വാദത്തിന് ശക്തി പകരുന്നതാണ് വിനീഷിന്റെ ആദ്യ മൊഴി. മാത്രവുമല്ല ശ്രീജിത്തിന്റെ പേരുൾപ്പെടുത്തി  വിനീഷ്  നൽകിയതായി പറയപ്പെടുന്ന  രണ്ടാമത്തെ മൊഴി കസ്റ്റഡി മരണത്തിനു ശേഷം പൊലീസ് വ്യാജമായി ഉണ്ടാക്കിയതാണെന്ന സംശയവും ബലപ്പെടുകയാണ്. 

ശ്രീജിത്തിന്റെ പേരുൾപെടുത്തി  മൊഴി നൽകിയിട്ടില്ലെന്ന് ദൃക്സാക്ഷിയായ പരമേശ്വരനും വെളിപ്പെടുത്തിയിരുന്നു. കസ്റ്റഡി മരണവും പൊലീസിന്റെ കള്ളക്കളികളും സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

loader