സി ബി ഐ അന്വേഷണമാണ് വേണ്ടതെന്ന മുൻനിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്നും ശ്രീജിത്തിന്‍റെ അമ്മ ശ്യാമള വ്യക്തമാക്കി

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ പ്രതികളായ പൊലീസുകാരെ തിരിച്ചെടുത്ത നടപടി ആരെയൊക്കെയോ സംരക്ഷിക്കാനെന്ന് ശ്രീജിത്തിന്റെ അമ്മ ശ്യാമള പറഞ്ഞു. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുൻപ് ഇത്തരമൊരു നടപടി എന്തുകൊണ്ടാണെന്നും ശ്യാമള ചോദിച്ചു. സി ബി ഐ അന്വേഷണമാണ് വേണ്ടതെന്ന മുൻനിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി. 

കേസില്‍ പ്രതികളായ സി ഐ ക്രിസ്പിന്‍ സാം, എസ് ഐ ദീപക് അടക്കം ഏഴ് പേരെയാണ് ജോലിയില്‍ തിരിച്ചെടുത്തത്. ഇവര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം നടത്തിയിരുന്നു. അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഇവരെ തിരിച്ചെടുക്കുന്നത്. ഐജി വിജയ് സാക്കറെയാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. 

വരാപ്പുഴ സ്വദേശിയായ വാസുദേവന്‍റെ വീടാക്രമിച്ച കേസില്‍ ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് കസ്റ്റഡിയില്‍ വച്ചുണ്ടായ മര്‍ദ്ദനത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു. അടിവയറ്റിലേറ്റ ചവിട്ടായിരുന്നു മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.