പാലക്കാട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ അപമാനിച്ച കേസില്‍ ചലച്ചിത്രനടന്‍ ശ്രീജിത് രവിക്ക് ഉപാധികളോടെ ജാമ്യം. ഒരു ലക്ഷം രൂപ കെട്ടിവെക്കണം. പാസ്‌പോര്‍ട്ട് വിട്ടു നല്‍കണം. എല്ലാ വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരാവണം. 

ഇന്ന് കാലത്താണ് ശ്രീജിത്ത് രവിയെ പാലക്കാട് സിജെഎം കോടതിയില്‍ ഹാജരാക്കിയത്. താനല്ല വണ്ടിയോടിച്ചതെന്നാണ് ശ്രീജിത് രവിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചത്. എന്നാല്‍, പരാതിക്കാരായ വിദ്യാര്‍ത്ഥിനികളും മൂന്ന് സാക്ഷികളും നടനെ തിരിച്ചറിഞ്ഞു. 

പ്രതിഭാഗം വാദം: 
ഈ വ്യക്തി ശ്രീജിത്ത് രവി അല്ല. ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്ന ശ്രീജിത്ത് രവിയുടെ കാര്‍ മറ്റാരോ എടുത്തുകൊണ്ടുപോവുകയായിരുന്നു. അങ്ങനെയാണ് ഒറ്റപ്പാലത്ത് ഈ കാര്‍ ലൊക്കേറ്റ് ചെയ്യപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഫോണ്‍ കാറില്‍ ഉണ്ടായിരുന്നു. പരാതിയില്‍ ശ്രീജിത്ത് രവിയുടെ പേരില്ല, ഏതോ ഒരാള്‍ എന്നാണ് പറഞ്ഞിരിക്കുന്നത്. 

പ്രതിയെ തിരിച്ചറിഞ്ഞു
സാക്ഷികള്‍ മൂന്നു പേരും നേരത്തെ ശ്രീജിത്തിനെ തിരിച്ചറിഞ്ഞിരുന്നു. പരാതിക്കാരായ വിദ്യാര്‍ത്ഥിനികളും ഇയാളെ തിരിച്ചറിഞ്ഞു. ചെറിയ കുട്ടികളായതിനാല്‍, അവരെ പ്രതിയുടെ അടുത്തേക്ക് കൊണ്ടുപോയിരുന്നില്ല. പകരം കുട്ടികള്‍ക്ക് ഫോട്ടോ കാണിച്ചാണ് തിരിച്ചറിയല്‍ പരേഡ് നടത്തിയത്. പരാതിക്കാരായ കുട്ടികള്‍ ശ്രീജിത്ത് രവിയെ തിരിച്ചറിഞ്ഞു. 

ഒറ്റപ്പാലം ലക്കിടിയിലെ സ്വകാര്യ സ്‌കൂളിലെ 16 വിദ്യാര്‍ത്ഥിനികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ശീജിത് രവിയെ അറസ്റ്റ് ചെയ്തത്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനുള്ള പോസ്‌കോ നിയമപ്രകാരം ആണ് കേസ് . പല്ലശ്ശേനയിലെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ശ്രീജിത് രവിയെ ഇന്ന് കാലത്താണ് കോടതിയില്‍ ഹാജരാക്കിയത്. 

കഴിഞ്ഞ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂളിലേക്ക് രാവിലെ വരികയായിരുന്ന പെണ്‍കുട്ടികളെ കാറിലെത്തിയ ഒരാള്‍ നഗ്‌നത പ്രദര്‍ശിപ്പിച്ച് വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുകയും അശ്ലീലആംഗ്യം കാണിക്കുകയും ചെയ്‌തെന്നാണ് പരാതി. പെണ്‍കുട്ടികള്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിനോട് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പാളാണ് ഒറ്റപ്പാലം പൊലീസില്‍ പരാതി നല്‍കിയത്.