തിരുവനന്തപുരം: പോലീസുകാരനാല്‍ കൊല്ലപ്പെട്ട അനുജന്റെ നീതിക്കുവേണ്ടി എഴുന്നൂറോളം ദിനരാത്രങ്ങള്‍ നിയമസഭാ മന്ദിരത്തിന് മുന്നില്‍ സമരത്തിലിരുന്ന ശ്രീജിത്ത് സമരപ്പന്തലില്‍ തിരിച്ചെത്തി. കുറ്റാരോപിതരായ പോലീസ് ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തി കൊണ്ട് വേണം സിബിഐ കേസ് അന്വേഷിക്കേണ്ടതെന്നും ശ്രീജിത്ത് ആവശ്യപ്പെട്ടു. തനിക്കും അമ്മയ്ക്കും നേരെ ഭീഷണികളുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു. തന്റെ സമരം അവസാനിച്ചിട്ടിലെന്നും തനിക്ക് നീതി കിട്ടിയില്ലെന്നും പറഞ്ഞ് കഴിഞ്ഞ ദിവസം ശ്രീജിത്ത് ഫെയ്‌സ് ബുക്ക് ലൈവ് കൊടുത്തിരുന്നു. ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് ഫോറത്തിന്റെ കോര്‍ കമ്മിറ്റി അഴിമതി കാണിച്ചെന്നും തന്റെ പേരില്‍ മറ്റുള്ളവരില്‍ നിന്നും ഇവര്‍ പണം വാങ്ങിയെന്നും ശ്രീജിത്ത് ഫെയ്‌സ്ബുക്ക് ലൈവില്‍ ആരോപിച്ചിരുന്നു.
തന്നെയും സോഷ്യല്‍ മീഡിയയും മുതലെടുത്ത് ചിലര്‍ സമരം പൊളിക്കാന്‍ ശ്രമിച്ചിരുന്നെന്നും ശ്രീജിത്ത് പറഞ്ഞു. നിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് ശ്രീജിത്ത് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. തന്റെ ആരോഗ്യസ്ഥിതി മോഷമായതിനെത്തുടര്‍ന്നാണ് സമരം താല്‍കാലികമായി അവസാനിപ്പിച്ചതെന്നും ആരോഗ്യ സ്ഥിതി വീണ്ടെടുത്ത് ഉടന്‍ സെക്രട്ടേറിയേറ്റ് പടിക്കല്‍ സമരത്തിന് തിരികെയെത്തുമെന്നും ശ്രീജിത്ത് പറഞ്ഞിരുന്നു. തനിക്ക് നീതി കിട്ടിയെന്ന തരത്തില്‍ ചിലര്‍ പറഞ്ഞ് പ്രചരിപ്പിക്കുകയാണെന്നും കോര്‍ കമ്മിറ്റി എന്ന തരത്തില്‍ ചിലര്‍ ചേര്‍ന്ന് കൂട്ടായ്മ രൂപീകരിക്കുകയും തന്റെ പേരില്‍ പണപ്പിരിവ് നടത്തിയെന്നും ശ്രീജിത്ത് ആരോപിച്ചിരുന്നു.
