തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ മെലിഞ്ഞുണങ്ങിയ ഒരു ചെറുപ്പക്കാരന്‍ സമരം തുടങ്ങിയിട്ട് രണ്ട് വര്‍ഷത്തിലേറെയായി. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വരെ നാം മറന്നിരിക്കുകയായിരുന്നു ആ യുവാവിനെ. അയാളുടെ സമരം എന്തിനെന്നോ, അയാള്‍ ആരെന്നോ നമ്മില്‍ അധികമാരും ചിന്തിച്ചില്ല. എന്നാല്‍ ഇന്ന് ആ ചെറുപ്പക്കാരന് വേണ്ടി കേരളം ഒന്നടങ്കം തെരുവില്‍ ഇറങ്ങിക്കഴിഞ്ഞു. ആ സമരത്തിന് പിന്നിലെ കാരണം പോലെ അയാളെയും നാമറിയുന്നത് ഇപ്പോഴാണ്.

മെലിഞ്ഞുണങ്ങിയ ശരീരവും തളര്‍ന്ന് തുടങ്ങിയ മനസുമായി നീതിക്കായി കാത്തിരിക്കുന്ന ശ്രീജിത്ത് ഒരുകാലത്ത് മിസ്റ്റര്‍ തിരുവനന്തപുരമായിരുന്നു. 2005 - 07 കാലത്ത് 65 കിലോ വിഭാഗത്തില്‍ കേരളത്തിലെ ശരീര സൗന്ദര്യ മത്സരങ്ങളില്‍ തിരുവനന്തപുരത്ത് സ്ഥിരം സാന്നിധ്യമായിരുന്നു ശ്രീജിത്ത്. തിരുവനന്തപുരം ജില്ലാ ബോഡി ബില്‍ഡിംഗ് അസോസിയേഷനും സംസ്ഥാന ജില്ലാ ബോഡി ബില്‍ഡിംഗ് അസോസിയേഷനും സംഘടിപ്പിച്ച അനേകം ശരീര സൗന്ദര്യ മത്സരങ്ങളില്‍ ശ്രീജിത്ത് വിജയിച്ചിട്ടുണ്ട്. 

സഹോദരന്റെ മരണത്തിന് കാരണക്കാരായവരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ളതാണ് ശ്രീജിത്തിന്റെ സമരം. ശ്രീജിത്തിനും കുടുംബത്തിനും നീതി ലഭിക്കാന്‍ സമൂഹമാധ്യമങ്ങള്‍ നടത്തുന്ന ഇടപെടല്‍ ശ്രദ്ധേയമാണ്. ശ്രീജിത്തിനെ പിന്തുണച്ച് പോലീസ് പരാതി പരിഹാര സെല്‍ മുന്‍ അധ്യക്ഷന്‍ ജസ്റ്റിസ് നാരായണക്കുറുപ്പും രംഗത്തെത്തിയിരുന്നു. ശ്രീജിത്തിന് പിന്തുണയറിയിച്ച് ആയിരക്കണക്കിന് ആളുകളാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ ഞായറാഴ്ച്ച എത്തിയത്.