കൊച്ചി: വാസുദേവന്റെ വീട് ആക്രമണ ദിവസം സി.പി.എം നേതാക്കള്‍ തന്റെ വീട്ടില്‍ വന്നെന്ന് പ്രിയ ഭരതന്റെ ഭര്‍ത്താവ് ഭരതന്‍ സ്ഥിരീകരിച്ചു. പ്രിയ ഭരതന്റെ വീട്ടില്‍ നടന്ന ഗൂഢാലോചന പ്രകാരമാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്ന് ശ്രീജിത്തിന്റെ അമ്മ ശ്യാമള ആരോപിച്ചിരുന്നു. നേതാക്കള്‍ തന്റെ വീട്ടിലെത്തിയിരുന്നുവെന്നും യോഗം ചേര്‍ന്നോ എന്ന് അറിയില്ലെന്നും ഭരതന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 
വാസുദേവന്റെ വീട്ടില്‍ പോയ നേതാക്കളാണ് വീട്ടില്‍ വന്നത്. താന്‍ കടയില്‍ ആയിരുന്നത് കൊണ്ട് യോഗം നടന്നോ എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് സി.പി.എമ്മിന്റെ ഗുഢാലോചന അനുസരിച്ചാണെന്നായിരുന്നു ശ്രീജിത്തിന്റെ അമ്മ ശ്യാമള ഏഷ്യാനെറ്റ്‌ ന്യൂസിനോട്‌ പറഞ്ഞത്. സി.പി.എം പ്രാദേശിക നേതാവ് പ്രിയ ഭരതന്‍ ഉള്‍പ്പടെയുള്ളവരാണ് ഇതിന് പിന്നില്‍.വാസുദേവന്റെ വീട് ആക്രമിക്കപ്പെട്ട ദിവസം ദിവസം പ്രിയയുടെ വീട്ടില്‍ സി.പി.എം പ്രവര്‍ത്തകര്‍ യോഗം ചേര്‍ന്നാണ് ശ്രീജിത്ത്‌ ഉള്‍പ്പടെ ഉള്ളവരുടെ പട്ടിക തയാറാക്കിയതെന്നും അന്വേഷണം ഇവരിലേക്കും നീളണമെന്നും ശ്യാമള ആവശ്യപ്പെട്ടു.

ശ്രീജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എറണാകുളം റൂറല്‍ എസ്.പിയായിരുന്ന എ.വി ജോര്‍ജ്ജിനെ ഇന്നലെ സസ്‌പെന്റ് ചെയ്തിരുന്നു. എന്നാല്‍ ജോര്‍ജ്ജിന്റെ സസ്‌പെന്‍ഷന്‍ മതിയാവില്ലെന്നും കേസില്‍ പ്രതിചേര്‍ക്കണമെന്നും ശ്രീജിത്തിന്റെ അമ്മ ആവശ്യപ്പെട്ടു.