സന്തോഷത്തിന്റെയും നന്മയുടെയും നിറവിൽ മസ്‌കറ്റിലെ ഒരു കൂട്ടം പ്രവാസികൾ ശ്രീകൃഷ്‍ണ ജയന്തി ആഘോഷിച്ചു. വരും തലമുറയ്ക്ക് ഭാരത സംസ്കാരവും പൈതൃകവും പകർന്നു നൽകുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു ആഘോഷമെന്ന് അധികൃതര്‍ പറഞ്ഞു.

ഭാരത സംസ്കാരം പുതു തലമുറയ്ക്ക് പകർന്നു നൽകുന്നതിനായി കുഞ്ഞു കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് ലളിതമായ പരിപാടികളാണ് ഒരു കൂട്ടം പ്രവാസികൾ ശ്രീകൃഷ്‍ണ ജയന്തിയോടനുബന്ധിച്ചു മസ്കറ്റിൽ ഒരുക്കിയിരുന്നത്.

ഘോഷയാത്രകൾ സംഘടിപ്പിക്കുവാൻ കഴിഞ്ഞില്ലെങ്കിലും, ഉണ്ണിക്കണ്ണമാരുടെയും രാധ ഗോപികമാരുടെയും വേഷം കെട്ടിയ കുട്ടികളുടെ ഉറിയടിയും, നൃത്തങ്ങളും, പുരാണ കഥകൾ ആസ്പദമാക്കിയുള്ള ഗാനങ്ങളും ചേർത്താണ് പരിപാടികൾ സംഘടിപ്പിച്ചിരുന്നത്.

ലോകം നെഞ്ചിലേറ്റിയ നന്മയുടെ പ്രതീകമായ ശ്രീകൃഷ്‍ണന്റെ ജന്മദിനത്തിൽ കുഞ്ഞു കുട്ടികളുമായി ഒരുമിച്ചു കൂടിയതിന്റെ ആഹ്ലാദത്തിൽ ആണ് ഈ പ്രവാസി കൂട്ടായ്മ.