കണ്ണൂര്‍: ശ്രീകൃഷ്ണജയന്തി ദിനത്തിലെ ശോഭായാത്രയില്‍ പിഞ്ചുകുഞ്ഞുങ്ങളെ സുരക്ഷിതമല്ലാതെ പങ്കെടുപ്പിച്ചത് വിവാദമാകുന്നു. പയ്യന്നൂരില്‍ മൂന്നു വയസ്സുകാരനെ ചെരിഞ്ഞ പ്ലാറ്റ്ഫോമില്‍ മണിക്കൂറുകള്‍ വെയിലത്ത് കിടത്തിയ പ്ലോട്ടിനെതിരയുള്ള പരാതി ചൈല്‍ഡ് ലൈന്‍ പൊലീസിന് കൈമാറി. ആലിലയില്‍ കിടക്കുന്ന താമരക്കണ്ണനെന്ന പേരില്‍ ആവിഷ്കരിച്ചിരിക്കുന്ന പ്ലോട്ടിന്റെ ദൃശ്യമാണിത്.

കാഴ്ച്ചയില്‍ മൂന്ന് വയസ്സ് തോന്നിക്കുന്ന കുട്ടിയെയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. വാഹനത്തില്‍ കൊണ്ടുപോകുന്ന, കുത്തനെയുള്ള പ്രതലത്തില്‍ പാടുപെട്ട് ഇരിക്കുകയും കിടക്കുകയുമല്ലാത്ത അവസ്ഥയിലുള്ള കുട്ടിയെ കാണാം.. പ്ലാറ്റ്ഫോമുമായി ബന്ധിപ്പിക്കുന്ന അരയിലുള്ള കെട്ട് മാത്രമാണ് ഏക സുരക്ഷാ സംവിധാനം. സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള വിവേകാനന്ദസേവാ സമിതിയുടെ പേരിലുള്ള പ്ലോട്ടില്‍ ഉടനീളം ഈയവസ്ഥയില്‍ വെയിലും കൊണ്ടായിരുന്നു കുട്ടിയുടെ യാത്ര.

പരാതി ശ്രദ്ധയില്‍പ്പെട്ട ചെല്‍ഡ് ലൈന്‍ വിവരം പൊലീസിനെ അറിയിച്ചിരിക്കുകയാണ്. പക്ഷെ കേസടക്കമുള്ള നടപടികളിലേക്ക് പൊലീസ് ഇതുവരെ കടന്നിട്ടില്ല. ടോള്‍ ഫ്രീ നമ്പരില്‍ ചൈല്‍ഡ് ലൈനില്‍ നേരത്തേ അറിയിച്ചിട്ടും അവഗണിച്ചുവെന്നും പരാതിയുണ്ട്. സമൂഹ്യ മാധ്യമങ്ങളിലും വലിയ വിമര്‍ശനമാണ് ഉയരുന്നത്. കണ്ണൂരില്‍ നടന്ന ശോഭായാത്രകളില്‍ ഉടനീളം ഇത്തരത്തില്‍ പ്ലോട്ടുകളില്‍ കുട്ടികളെ പങ്കെടുപ്പിച്ചത് കാണാമായിരുന്നു.

അതിനിടെ തളിപ്പറമ്പില്‍ ശോഭായാത്രക്കിടെ വനിതാ പൊലീസുദ്യോഗസ്ഥയോട് മോശമായി പെരുമാറിയ പ്രശാന്തനെന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. സിപിഎമ്മും ആര്‍.എസ്.എസും മത്സരിച്ചായിരുന്നു ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ കണ്ണൂരിലെ ഘോഷയാത്രകള്‍.