ആലപ്പുഴ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അന്വേഷണം നേരിടുന്ന ശ്രീവല്‍സം ഗ്രൂപ്പ് മാനേജര്‍ രാധാമണിയുടെ ഭര്‍ത്താവ് കൃഷ്ണനെ ഹരിപ്പാട്ടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രിയാണ് പി.എം.കൃഷ്ണനെ ഹരിപ്പാട്ടെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എംകെആര്‍ പിള്ളയുടെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിയാവുന്ന വ്യക്തി എന്ന നിലയില്‍ കൃഷ്ണന്റെ മരണത്തില്‍ ദുരൂഹതയേറുകയാണ്.

മരിച്ച കൃഷ്ണന് ശ്രീവല്‍സം ഗ്രൂപ്പിന്റെ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് എല്ലാമറിയാമെന്നാണ് സൂചന. ശ്രീവല്‍സം ഗ്രൂപ്പിന്റെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ചുള്ള അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് മരണം നടന്നിരിക്കുന്നത്. ഭര്‍ത്താവിന്റെ മരണം നടക്കുമ്പോള്‍ ഭാര്യയും ശ്രീവല്‍സം മാനേജരുമായ രാധാമണി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ്. ഭാര്യയും ഭര്‍ത്താവുമായി ഇന്നലെ വഴക്കുണ്ടായിരുന്നു. ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണെന്ന് കൃഷ്ണന്‍ മരിക്കുന്നതിന് തൊട്ടുമുമ്പ് ബന്ധുക്കളില്‍ ചിലരെ വിളിച്ച് പറയുകയും ചെയ്തിരുന്നു

മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയാലും പോസ്റ്റുമോര്‍ട്ടം വൈകിയേക്കും. നാഗാലാന്റിലുള്ള കൃഷ്ണന്റെ സഹോദരന്‍ എത്തിയ ശേഷമേ നടപടികള്‍ പൂര്‍ത്തിയാക്കൂ എന്ന് പൊലീസ് അറിയിച്ചു.. ശ്രീവല്‍സം ഗ്രൂപ്പിന്റെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ രാധാമണിയുടെയും കൃഷ്ണന്റെയും വീട്ടില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.. കോടികള്‍ വിലമതിക്കുന്ന ഭൂമി ഇടപാട് രേഖകള്‍ വീട്ടില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തിരുന്നു.