ശ്രീവത്സം സ്ഥാനപനങ്ങളുടെ ഉടമ എം.കെ രാജശേഖരന്‍ പിള്ളയ്‌ക്ക് 150 കോടിയുടെ അനധികൃത സ്വത്തുണ്ടെന്ന് ആദായനികുതി വകുപ്പിന്റെ പ്രാഥമിക കണ്ടെത്തല്‍. നാഗാലാന്റില്‍ അഡീഷണല്‍ എസ്.പിയായിരുന്ന രാജശേഖരന്‍ പിള്ള ഹവാല ഇടപാടിലൂടെ കേരളത്തിലേക്ക് കോടികള്‍ എത്തിച്ചുവെന്നും സംശയിക്കുന്നുണ്ട്.
തനിക്ക് 50 കോടിയോളം രൂപയുടെ അനധികൃത സ്വത്തുണ്ടെന്ന് 2015ല്‍ തന്നെ എം.കെ രാജശേഖരന്‍ പിള്ള ആദായനികുതി വകുപ്പിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണമാണ് കൂടുതല്‍ കണ്ടെത്തെലുകളിലേക്ക് നയിച്ചത്. കേരളത്തിലടക്കം രാജ്യത്തെ 35 കേന്ദ്രങ്ങളിലായി തുടരുന്ന പരിശോധനയില്‍ 100 കോടിയോളം രൂപയുടെ അനധികൃത സ്വത്താണ് കണ്ടെത്തിയിരിക്കുന്നത്. നേരത്തെ വെളിപ്പെടുത്തിയ 50 കോടിക്ക് പുറമേയാണിത്. ഹവാല ഇടപാട് വഴിയാണ് നാഗാലാന്റില്‍ നിന്ന് പണം കേരളത്തിലെത്തിച്ചതെന്ന് കരുതുന്നു. ഇതിനായി നാഗാലാന്റ് പൊലീസിന്റെ വാഹനം ഉപയോഗിച്ചതായും സംശയിക്കുന്നുണ്ട്. ഇക്കാര്യം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ആദായനികുതി വകുപ്പ് കേന്ദ്രസര്‍ക്കാരിന് നല്‍കും.
2003ല്‍ ആരംഭിച്ച ശ്രീവത്സം സ്ഥാപനങ്ങളുടെ പേരില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കോടിക്കണക്കിന് രൂപ എത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ശ്രീവത്സം സ്വര്‍ണക്കടകള്‍, വസ്‌ത്രവ്യാപാര സ്ഥാപനം, ധനകാര്യ സ്ഥാപനം, വാഹന വില്‍പന സ്ഥാപനങ്ങള്‍ എന്നിവ വഴിയാണ് ഈ പണം എത്തിയത്. ബംഗളുരുവില്‍ ബേക്കറി ശൃംഖലയും ഡല്‍ഹിയിലടക്കം നിരവധി ഫ്ലാറ്റുകളും ഇയാള്‍ക്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്. അടുത്തകാലത്ത് ഹരിപ്പാട്, കോന്നി , പന്തളം മേഖലകളില്‍ വന്‍തോതില്‍ ഭൂമി വാങ്ങിയതായും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുടെ ഇടപാടുകളെക്കുറിച്ച് എന്‍ഫോഴ്‌സ്മെന്റും അന്വേഷണം നടത്തും.
