ചെന്നൈ: എഐഎഡിഎംകെയിൽ ഔദ്യോഗികപദവികൾ ഏറ്റെടുക്കുന്നതിന് മുൻപുതന്നെ ജയലളിതയുടെ തോഴി ശശികല ഭരണതലത്തിൽ സജീവമാവുകയാണ്. ശ്രീലങ്കയിലെ കച്ചൈത്തീവിൽ നടക്കുന്ന ക്രിസ്ത്യൻ പള്ളിപ്പെരുന്നാളിൽ പങ്കെടുക്കാൻ കൂടുതൽ തമിഴർക്ക് അനുമതി നൽകണമെന്ന ശശികലയുടെ ആവശ്യം അംഗീകരിയ്ക്കുന്നതായി ശ്രീലങ്കൻ പ്രസിഡന്‍റ് മൈത്രിപാല സിരിസേന വ്യക്തമാക്കി. ഇക്കാര്യമറിയിച്ച് സിരിസേന, ശ്രീലങ്കൻ എം പിയ്ക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി ഒ പനീർശെൽവത്തിന് പകരം ശശികലയെക്കുറിച്ചാണ് പരാമർശമുള്ളതെന്നത് ശ്രദ്ധേയമാണ്.

ശ്രീലങ്കയിലെ കച്ചൈത്തീവിലുള്ള സെന്‍റ് ആന്‍റണീസ് പള്ളിപ്പെരുന്നാളിൽ തമിഴ്നാട്ടിൽ നിന്നുള്ള നൂറ് മത്സ്യത്തൊഴിലാളികളെ പങ്കെടുക്കാൻ അനുമതി നൽകിക്കൊണ്ട് ശ്രീലങ്കൻ പ്രസിഡന്‍റ് മൈത്രിപാല സിരിസേന കത്ത് എഴുതിയിരുന്നു. 

ശ്രീലങ്കൻ എം പി ആറുമുഖൻ തൊണ്ടമാന് എഴുതിയ കത്തിൽ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണന്‍റെയും ശശികലയുടെയും അഭ്യർഥന മാനിച്ച് കൂടുതൽ മത്സ്യത്തൊഴിലാളികൾക്ക് ശ്രീലങ്കയിലെത്താൻ അനുമതി നൽകുന്നുവെന്നാണ് കത്തിൽ സിരിസേന വ്യക്തമാക്കുന്നത്. 

ഇക്കാര്യമറിയിച്ചുകൊണ്ട് തോഡമാൻ തമിഴ്നാട് സ‍ർക്കാരിന് എഴുതിയ കത്ത് അഭിസംബോധന ചെയ്യുന്നത് ശശികലയ്ക്കാണ്. വിലാസം പോയസ് ഗാർഡനിലെ വേദനിലയത്തിന്‍റേതും. ജയലളിതയുടെ മരണത്തിൽ അനുശോചനമറിയിയ്ക്കാൻ എം പി അറുമുഖൻ തൊണ്ടമാനെത്തിയപ്പോഴാണ് കച്ചൈത്തീവ് ദ്വീപിലെ ഉത്സവത്തിൽ കൂടുതൽ മത്സ്യത്തൊഴിലാളികളെ പങ്കെടുക്കാനനുവദിയ്ക്കണമെന്ന് ശശികല ആവശ്യപ്പെട്ടത്. 

നേരത്തെ ഇരുപത് മത്സ്യത്തൊഴിലാളികൾക്ക് മാത്രമാണ് ശ്രീലങ്കയിലെത്താൻ സർക്കാർ അനുമതി നൽകിയിരുന്നത്. ഇക്കാര്യമാവശ്യപ്പെട്ട്, സ്ഥാനമേറ്റെടുത്ത് രണ്ട് ദിവസത്തിനകം പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ശ്രീലങ്കൻ സർക്കാരിനും മുഖ്യമന്ത്രി ഒ പനീർശെൽവം കത്ത് നൽകിയിരുന്നതാണ്. 

ശ്രീലങ്കൻ സർക്കാരിൽ നിന്ന് ലഭിച്ച മറുപടി ഒ പനീർശെൽവം ശശികലയ്ക്ക് കൈമാറിയിട്ടുണ്ട്. പാർട്ടി തലപ്പത്തേയ്ക്ക് ശശികലയെത്തണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമാകുന്നതിനിടെ അവർ സജീവരാഷ്ട്രീയത്തിലും ഭരണതലത്തിലും ഇടപെട്ടുതുടങ്ങുകയാണെന്നതിന്‍റെ സൂചനയാണിതെന്നും വിലയിരുത്തലുണ്ട്.