കൊളംബോ: ഭരണപ്രതിസന്ധി തുടരുന്ന ശ്രീലങ്കയിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേറ്റു. പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയും മന്ത്രിസഭയിലെ പെട്രോളിയം മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ അ‍ർജുന രണതുംഗയും ഓഫീസിലേക്ക് എത്തിയപ്പോൾ തടയാൻ ശ്രമിച്ച പ്രതിഷേധക്കാർക്ക് നേരെയാണ് സുരക്ഷാസേന വെടിവെച്ചത്. പ്രതിഷേധക്കാർ തന്നെ വധിക്കാൻ ശ്രമിച്ചപ്പോഴാണ് സുരക്ഷാ സേന വെടിയുതിർത്തതെന്ന് രണതുംഗെ പിന്നീട് പറഞ്ഞു.

വെടിയേറ്റ 34 കാരനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തെപ്പറ്റി അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ രണതുംഗയുടെ അംഗരക്ഷകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഔദ്യോഗിക വസതി ഒഴിയാന്‍ തയ്യാറാകാതെ പ്രധാനമന്ത്രിയായിരുന്ന റനില്‍ വിക്രമസിംഗെ തുടരുന്നത് ശ്രീലങ്ക പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. പാര്‍ലമെന്‍റില്‍ തന്‍റെ ശക്തി തെളിയിക്കുമെന്നാണ് വിക്രമസിംഗെ അവകാശപ്പെടുന്നത്.