ശ്രീ ശ്രീ രവിശങ്കറിന്‍റെ കാർമികത്വത്തിൽ ട്രെയിനിൽവച്ചൊരു വിവാഹം ട്രെയിനിൽ വിവാഹിതരായ സച്ചിനും ജ്യോത്സ്നയും
ദില്ലി: ട്രെയിനിലെ അപ്രതീക്ഷിത വിവാഹത്തിന് കാര്മികത്വം വഹിച്ച് ജീവനകലാചാര്യൻ ശ്രീശ്രീ രവിശങ്കര്. ഗോരഖ്പൂര് സ്പെഷ്യല് ട്രെയിനിലെ കംപാര്ട്ട്മെന്റില് വച്ചാണ് ഫാര്മസിസ്റ്റായ സച്ചിന് കുമാറിനൊപ്പം കേന്ദ്രസര്ക്കാര് ജീവനക്കാരിയായ ജ്യോത്സ്ന സിങ് ഒന്നിച്ചുള്ള ജീവിതയാത്ര ആരംഭിച്ചത്. ഗോരഖ്പുറിനും ലക്നൗവിനും ഇടയിൽ വച്ച് ഇരുവരും പരസ്പരം വര്ണമാല്യം ചാർത്തി! ആ വിവാഹത്തിന് ശ്രീ ശ്രീ രവിശങ്കര് കാര്മ്മികത്വം വഹിക്കുന്ന വീഡിയോ ദൃശ്യങ്ങള് സോഷ്യല് മീഡിയയില് വൈറലാകുകയാണ്.
ഉത്തര്പ്രദേശില് ജീവനകല പര്യടനത്തിന് പോകുന്ന യാത്രയ്ക്കിടെയാണ് ശ്രീശ്രീ രവിശങ്ക സ്പെഷ്യൽ ട്രെയിനിലെ കല്യാണത്തിന് കാര്മികത്വം വഹിച്ചത്. വിവാഹധൂർത്ത് ഒഴിവാക്കാനുള്ള ആഹ്വാനമാണിതിലുള്ളതെന്ന് ശ്രീ ശ്രീ രവിശങ്കര് അഭിപ്രായപ്പെട്ടു. ലോണെടുത്തും കടംവാങ്ങിയും ലക്ഷങ്ങള് ചെലവഴിച്ച് നടത്തുന്ന വിവാഹങ്ങളല്ല, ഇങ്ങനെയുള്ള ലളിതമായ ചടങ്ങുകളാണ് നടക്കേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. വിവാഹത്തിന്റെ ദൃശ്യങ്ങള് ശ്രീ ശ്രീ രവിശങ്കറിന്റെ അനുയായികളാണ് പുറത്തുവിട്ടത്.
സച്ചിനും ജ്യോത്സ്നയും തമ്മിലുള്ള വിവാഹം ഏപ്രില് മാസത്തില് നടത്താനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്, ലളിതമായിരിക്കണം ചടങ്ങുകള് എന്ന ആഗ്രഹവും ശ്രീ ശ്രീയുമായുള്ള കണ്ടുമുട്ടലും കൂടിയായപ്പോള് വിവാഹം ട്രെയിനില് വച്ച് നടത്താന് തീരുമാനിക്കുകയായിരുന്നെന്നാണ് ഇവര് പറയുന്നു.
