Asianet News MalayalamAsianet News Malayalam

ശ്രീദേവിയുടെ മൃതദ്ദേഹം ഇന്ന് കൊണ്ടുവരും ; അംബാനിയുടെ സ്വകാര്യവിമാനം ദുബായില്‍

Sridevi death will be brought today Ambani private plane is in Dubai
Author
First Published Feb 26, 2018, 6:48 AM IST

ദുബായില്‍ വച്ച് മരിച്ച നടി ശ്രീദേവിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുവരും. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം പുലര്‍ച്ചയോടെ മാത്രമേ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരൂ. ശ്രീദേവിയുടെ സംസ്‌കാരം ജുഹുവിലായിരിക്കും നടക്കുക. 

പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് നേരിട്ടാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. എന്നാല്‍ മൃതദ്ദേഹം കൊണ്ടുവരാനായി വ്യവസായി അനില്‍ അംബാനി ഏര്‍പ്പെടുത്തിയ സ്വകാര്യ വിമാനം ദുബായിലെത്തി ചേര്‍ന്നു. 

ശനിയാഴ്ച രാത്രി പതിനൊന്ന് മണിക്ക് ദുബായി എമിറേറ്റ്‌സ് ടവര്‍ ഹോട്ടലിലെ താമസസ്ഥാലത്ത് കുഴഞ്ഞു വീണ ശ്രീദേവിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് പുലര്‍ച്ചെ രണ്ടുമണിക്ക് ഖിസൈസിസെ ദുബായി പോലീസ് ആസ്ഥാനത്തെ മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം പോസ്റ്റുമോര്‍ട്ടം ചെയ്തു. ഹൃദയ സ്തംഭനം മൂലം കുഴഞ്ഞു വീണാണോ, അതോ കുഴഞ്ഞു വീണതിനെ തുടര്‍ന്നുണ്ടായ ആഘാതത്തിലാണോ മരിച്ചത് എന്നാണ് പരിശോധിക്കുന്നത്.

മരണ സമയത്ത് ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും ശ്രീദേവിയ്‌ക്കൊപ്പമുണ്ടായിരുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ട് വരാന്‍ വൈകുന്ന സാഹര്യത്തില്‍ മരണകാരണം എന്തെന്ന് വ്യക്തമാക്കാന്‍ കോണ്‍സുലേറ്റ് അധികൃതരോ കുടുംബാംഗങ്ങളോ ഇതുവരെ തയ്യാറായിട്ടില്ല. ബര്‍ദുബായി പോലീസ് സംഭവത്തില്‍ കേസെടുത്ത് താമസസിച്ച ഹോട്ടല്‍ പരിശോധിച്ച് വിവരങ്ങള്‍ ശേഖരിച്ചു.

ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചശേഷം മൃതദേഹം എംബാമിങ്ങിനായി മുഹൈസിനയിലെ മെഡിക്കല്‍ ഫിറ്റ്‌നസ് സെന്ററിലേക്ക് കൊണ്ടുപോകും. രാത്രി ഏറെ വൈകിയേ മൃതദേഹം മുബൈയിലേക്ക് കൊണ്ടുപോകാന്‍ കഴിയുള്ളൂ. ബോളിവുഡ് നടനും മരുമകനുമായ മോഹിത് മെര്‍വയുടെ റാസല്‍ഖൈമയില്‍ നടന്ന വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വ്യാഴാഴ്ചയാണ് ശ്രീദേവിയും കുടുംബവും യുഎഇയിലെത്തിയത്. 

റാസല്‍ഖൈമയില്‍ നടന്ന വിവാഹത്തില്‍ പങ്കെടുത്തശേഷം ശ്രീദേവിയും കുടുംബവും ദുബായിലേക്കു വരുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ എത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നായിരുന്നു പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. ആദ്യ സിനിമയുടെ തിരക്കിലായതിനാല്‍ മകള്‍ ജാന്‍വിക്ക് കുടുംബത്തിനൊപ്പം എത്താനായിരുന്നില്ല.

ബോണി കപൂറിന്റെ സഹോദരന്‍ സഞ്ജയ് കപൂറാണ് മരണവിവരം സ്ഥിരീകരിച്ച് വാര്‍ത്ത പുറത്തുവിട്ടത്.  ദുബായ് പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് മോര്‍ച്ചറിയിലുള്ള മൃതദേഹം വിട്ടുകിട്ടാനുള്ള നടപടികള്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റാണ് നേതൃത്വം നല്‍കുന്നത്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം മുംബൈയിലേക്കു കൊണ്ടുപോകും. നാലാം വയസ്സില്‍ തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റകുറിച്ചാണ് ശ്രീദേവി സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കടന്നുവരുന്നത്. 

Follow Us:
Download App:
  • android
  • ios