ശ്രീദേവിയുടെ മൃതദേഹം ചിത്രീകരിക്കാന്‍ വിലക്ക്

First Published 28, Feb 2018, 7:42 AM IST
sridevi funeral
Highlights
  • വീട്ടിലെത്തുന്ന പ്രമുഖരടക്കം ആര്‍ക്കും ശ്രീദേവിയുടെ മക്കളായ ജാന്‍വിയേയോ ഖുഷിയേയോ കാണാന്‍ സാധിച്ചില്ലെന്നാണ് പുറത്തു വരുന്നവിവരം. മാതാവിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ തകര്‍ന്നിരിക്കുന്ന കുട്ടികളെ അപാര്‍ട്ട്‌മെന്റിലെ മറ്റൊരു മുറിയിലേക്ക് മാറ്റിയെന്നാണ് അറിയുന്നത്

മുംബൈ: അന്തരിച്ച നടി ശ്രീദേവിയുടെ അന്ത്യയാത്രയിലും സംസ്‌കാരചടങ്ങിലും സ്വകാര്യത നിലനിര്‍ത്തി കുടുംബം. ശ്രീദേവിയുടെ മൃതദേഹം ചിത്രീകരിക്കുന്നത് വിലക്കി കപൂര്‍ കുടുംബം പ്രത്യേക അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഖുഷി,ജാന്‍വി,ബോണി കപൂര്‍ എന്നിവരുടെ പേരില്‍ യാഷ് രാജ് ഫിലിംസ് പിആര്‍ഒ പുറത്തു വിട്ട അറിയിപ്പില്‍ പൊതുദര്‍ശനം ചിത്രീകരിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് വിലക്കുണ്ടാവും എന്നാണ് അറിയിച്ചിട്ടുള്ളത്.

ബുധനാഴ്ച്ച രാവിലെയോടെ മുംബൈ സെലിബ്രേഷന്‍ ക്ലബിലേക്ക് ശ്രീദേവിയുടെ മൃതദേഹം പൊതുദര്‍ശനത്തിനായി എത്തിക്കുമെന്നും എന്നാല്‍ പൊതുദര്‍ശനം ക്ലബിന് പുറത്തു നിന്ന് റിപ്പോര്‍ട്ട് ചെയ്യണമെന്നും അറിയിപ്പില്‍ ആവശ്യപ്പെടുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് ക്ലബില്‍ പ്രവേശിച്ച് ശ്രീദേവിയ്ക്ക് ആദാരാഞ്ജലി അര്‍പ്പിക്കാന്‍ അവസരമുണ്ടാക്കുമെന്നും എന്നാല്‍ ക്യാമറകള്‍ ക്ലബിനകത്തേക്ക് പ്രവേശിപ്പിക്കരുതെന്നും അറിയിപ്പിലുണ്ട്. 

അന്ധേരിയിലെ ഗ്രീന്‍ പാര്‍ക്ക്‌സിലെ രണ്ട് ഫഌറ്റുകളിലായാണ് ശ്രീദേവിയും കുടുംബവും കഴിഞ്ഞിരുന്നത്. ഇവിടെയാണ് ഇപ്പോള്‍ മൃതദേഹം സൂക്ഷിച്ചിട്ടുള്ളതും. ബുധനാഴ്ച്ച രാവിലെ എട്ട് മണിയോടെ കുടുംബാംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് ശ്രീദേവിയ്ക്ക് ആദരാഞ്‌ലി അര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനു ശേഷം എട്ടരയോടെ മൃതദേഹം അന്ധേരിയിലെ സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബിലേക്ക പൊതുദര്‍ശനത്തിനായി കൊണ്ടു പോകും. 

രജനീകാന്ത്, കമലഹാസന്‍, ഷാറൂഖ് ഖാന്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ പോയ ദിവസങ്ങളില്‍ ബോണി കപൂറിന്റെ സഹോദരന്‍ അനില്‍ കപൂറിന്റെ വീട്ടിലെത്തി തങ്ങളുടെ ആദരാജ്ഞലികള്‍ അര്‍പ്പിച്ചിരുന്നു. ഇന്നലെ മൃതദേഹം എത്തിയതിന് പിന്നാലെ സല്‍മാന്‍ഖാന്‍,കത്രീന കൈഫ്, ശക്തി കപൂര്‍, മനീഷ് മല്‍ഹോത്ര തുടങ്ങി ബോളിവുഡിലെ പ്രമുഖര്‍ ശ്രീദേവിയുടെ വീട്ടിലെത്തി. ശ്രീദേവിയുടെ മൃതദേഹം കണ്ട സല്‍മാന്‍ഖാന്‍ നിറകണ്ണുകളോടെ മടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം വീട്ടിലെത്തുന്ന പ്രമുഖരടക്കം ആര്‍ക്കും ശ്രീദേവിയുടെ മക്കളായ ജാന്‍വിയേയോ ഖുഷിയേയോ കാണാന്‍ സാധിച്ചില്ലെന്നാണ് പുറത്തു വരുന്നവിവരം. മാതാവിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ തകര്‍ന്നിരിക്കുന്ന കുട്ടികളെ അപാര്‍ട്ട്‌മെന്റിലെ മറ്റൊരു മുറിയിലേക്ക് മാറ്റിയെന്നാണ് അറിയുന്നത്. 

loader