കൊളംബോ: സുപ്രീംകോടതി വിധിക്ക് പിന്നാലെ ശ്രീലങ്കൻ പ്രധാനമന്ത്രിസ്ഥാനം രാജിവയ്ക്കാൻ ഒരുങ്ങി മഹീന്ദ രജപക്സെ. രാജ്യത്ത് സ്ഥിരത കൊണ്ടുവരാനാണ് രാജിയെന്നാണ് രജപക്സെ പക്ഷത്തിന്റെ വാദം. റെനിൽ വിക്രമസിംഗെയെ പ്രധാനമന്ത്രിയാകാൻ സിരിസേന ക്ഷണിച്ചേക്കുമെന്നാണ് സൂചനകള്‍. 

ഏഴ് ആഴ്ചകൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ്  ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്ഷെ രാജിക്ക് ഒരുങ്ങുന്നത്. രജപക്സെയുടെ മകൻ ട്വിറ്ററിലൂടെയാണ് ഈ കാര്യം അറിയിച്ചത്. ‘രാഷ്ട്രത്തിന്റെ സ്ഥിരത ഉറപ്പുവരുത്തുന്നതിനായി ശനിയാഴ്ച രാജപക്ഷെ പ്രധാനമന്ത്രി സ്ഥാനമൊഴിയും’ എന്ന്  നമൽ രജപക്സെ ട്വിറ്ററിൽ വിശദമാക്കി.

നേരത്തെ പ്രസിഡന്റ് മൈത്രിപാല സിരിസേന ശ്രീലങ്ക പാർലമെന്റ് പിരിച്ചുവിട്ടത് ഭരണഘടനാവിരുദ്ധമായ നടപടിയാണെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. സിരിസേനയുമായി സഖ്യത്തിലേർപ്പെടുമെന്നും നമൽ രജപക്സെ വ്യക്തമാക്കി. ഒക്ടോബർ 26നാണ് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയെ പുറത്താക്കി പ്രസിഡന്റ് മൈത്രിപാല സിരിസേന മഹിന്ദ രജപക്സയെ പ്രധാനമന്ത്രിയായി അവരോധിച്ചത്. എന്നാൽ പാർലമെന്റിൽ അവിശ്വാസ പ്രമേയത്തിൽ രജപക്സ തോറ്റതിനെ തുടർന്നു സിരിസേന പാർലമെന്റ് പിരിച്ചുവിടുകയായിരുന്നു. 

ജനുവരി 5 ന് പുതിയ തിരഞ്ഞെടുപ്പു നടത്താനും സിരിസേന ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സമർപ്പിച്ച ഹർജികൾ പരിഗണിച്ചശേഷമാണ് പ്രസിഡന്റിന്റെ നടപടി ഭരണഘടനാവിരുദ്ധമാണെന്നു സുപ്രീംകോടതി വിധിച്ചത്. കാലാവധി അവസാനിക്കാൻ നാലര വർഷം ബാക്കിയിരിക്കെയാണ് പ്രസിഡന്റ് ഈ നടപടി കൈക്കൊണ്ടതെന്നു ചൂണ്ടിക്കാട്ടിയായിരുന്നു വിധി.