തിരുവനന്തപുരം: ദേവികുളം സബ്കലക്ടര്‍ ശ്രീറാമിനെ മാറ്റാൻ ഉന്നമിട്ടുള്ള മൂന്നാര്‍ സര്‍വകക്ഷി സംഘത്തിന്‍റെ നിവേദനത്തെ തുടര്‍ന്ന് യോഗം വിളിക്കാൻ റവന്യുമന്ത്രിയുടെ ഓഫിസിന് മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ നിര്‍ദേശം . മുഖ്യമന്ത്രിയുടെ ഒാഫിസിന്‍റെ നീക്കത്തിൽ റവന്യൂവകുപ്പിന് കടുത്ത അതൃപ്തിയുണ്ട് . മൂന്നാറിൽ അനധികൃതമായ കൈവശം വച്ച 22 സെന്‍റ് ഒഴിപ്പിക്കാൻ നടപടിയെടുത്തതിനെ തുടര്‍ന്നാണ് രാഷ്ട്രീപാര്‍ട്ടി നേതാക്കള്‍ ശ്രീറാമിനെതിരെ കൈകോര്‍ത്തത്
മൂന്നാര്‍ പൊലീസ് സ്റ്റേഷന് എതിര്‍വശത്തെ 22 സെന്‍റ് സ്ഥലം ഒഴിപ്പിക്കുന്നതിന് സബ്കലക്ടര്‍ നോട്ടീസ് നല്‍കിയതാണ് മൂന്നാറിലെ രാഷ്ട്രീയനേതാക്കളെ ചൊടിപ്പിച്ചത് . സ്ഥലം എം.എല്‍.എ എസ് രാജേന്ദ്രന്‍, സി.പി.ഐ നേതാവ് സി.എ കുര്യൻ , കെ.പി.സി.സി വൈസ് പ്രസിഡന്‍റ് എ.കെ മണി തുടങ്ങിയവര്‍ ഒപ്പിട്ട നിവേദനമാണ് മുഖ്യമന്ത്രിക്ക് നൽകിയത്. മൂന്നാറിലെ രാഷ്ട്രീയ പാര്‍ട്ടികളുടെയും ജനപ്രതിനിധികളുടെയും യോഗം വിളിക്കണമെന്നാണ് ആവശ്യം.
ഇതേ തുടര്‍ന്ന് അടുത്ത മാസം ഒന്നിന് യോഗം വിളിക്കാൻ മുഖ്യമന്ത്രിയുടെ ഒാഫിസ് റവന്യൂമന്ത്രിയുടെ ഓഫിസിനോട് ആവശ്യപ്പെട്ടു . ഇതേ ചൊല്ലിയാണ് റവന്യുവകുപ്പിന് കടുത്ത അമര്‍ഷം .രേഖകള്‍ പരിശോധിച്ച് അനധികൃതമായി കൈവശം വച്ച ഭൂമി ഒഴിപ്പിക്കാൻ നിയമപ്രകാരം നടപടിയെടുത്ത ശേഷം അക്കാര്യം ചര്‍ച്ച ചെയ്യാൻ യോഗം വിളിക്കുന്നതിലാണ് അതൃപ്തി. ഇത് തെറ്റായ കീഴ്വഴക്കമാകുമെന്നാണ് വകുപ്പിന്‍റെ അഭിപ്രായം.
രാഷ്ട്രീപാര്‍ട്ടികള്‍ തര്‍ക്ക വിഷയമാക്കിയ 22 സെന്‍റ് സ്ഥലം പുറന്പോക്കാണെ റവന്യൂ വകുപ്പ് വ്യക്തമാക്കുന്നത് .
1986 ൽ മൂന്നു വര്‍ഷത്തേയ്ക്ക് തോമസ് മൈക്കിള്‍ എന്നയാള്‍ക്ക് പാട്ടത്തിന് നല്‍കിയിരുന്നു. ഇവിടെ ചാരായ ഗോഡൗണ്‍ പ്രവര്‍ത്തിച്ചു . ചാരായ നിരോധനത്തോടെ ഗോഡൗണ്‍ പൂട്ടി. ഇവിടെ പൊതുമരാമത്ത് വകുപ്പിന്‍റെ കെട്ടിടമുണ്ടായിരുന്നു. പാട്ടക്കാലാവധി കഴിഞ്ഞതോടെ ഒഴിഞ്ഞു പോകാൻ നേരത്തെ നോട്ടീസ് . ഇതിനിടയിലാണ് വി.വി ജോര്‍ജ് എന്നയാള്‍ സ്ഥലത്തെ ഹോം സ്റ്റേ തുടങ്ങിയത് .ഇയാളെ ഒഴിപ്പിക്കാൻ നോട്ടിസ് നല്‍കിയതിനെ ചൊല്ലിയാണ് സബ് കലക്ടര്‍ക്കെതിരായ നീക്കം. നടപടി മൂന്നാര്‍ ടൗണിലെയും പരിസരത്തെയും കുത്തക പാട്ട വ്യവസ്ഥയിലും മറ്റും മറ്റും ഭൂമി കൈവശം വച്ചിരിക്കുന്നവരെ പരിഭ്രാന്ത്രിയിലാക്കിയെന്ന അവകാശപ്പെട്ടാണ് ശ്രീറാമിനെതിരായ സംയുക്തരാഷ്ട്രീയ നീക്കം .
