രജിസ്റ്റര്‍ ചെയ്ത 30 -ലധികം കുട്ടികള്‍ പരീക്ഷക്കെത്തിയില്ല.

വയനാട്: രജിസ്റ്റര്‍ ചെയ്തിട്ടും ജില്ലയില്‍ നിരവധി ആദിവാസി വിദ്യാര്‍ത്ഥികള്‍ എസ്എസ്എല്‍സി പരീക്ഷയ്ക്ക് എത്തിയില്ല. ജില്ലയില്‍ നിന്ന് ഇത്തവണ 622 എസ്.സി വിദ്യാര്‍ഥികളും, 2422 എസ്.ടി വിദ്യാര്‍ഥികളുമാണ് എസ്എസ്എല്‍സി പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 36 വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്‌ക്കെത്തിയില്ലെന്നാണ് വിവരം. ഇത് സംബന്ധിച്ച ഔദ്യോഗിക കണക്കുകള്‍ ലഭ്യമല്ലെന്ന് ജില്ലാ വിദ്യാഭ്യാസ വകുപ്പ് പറയുന്നു. 

പരീക്ഷ അവസാനിക്കുന്നതോടെ ഹാജരാകാത്ത കുട്ടികളുടെ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍, പരീക്ഷ തുടങ്ങി അരമണിക്കൂറിനകം ഹാജരാകാത്ത കുട്ടികളുടെ വിവരം പരീക്ഷാ ഭവനിലേക്ക് ഓണ്‍ലൈനായും അതിന്റെ പകര്‍പ്പ് ജില്ലാ വിദ്യാഭ്യാസ വകുപ്പിലേയ്ക്കും അയക്കണമെന്ന് സ്‌കൂളുകള്‍ക്ക് സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശമുണ്ട്.

2016-ല്‍ വയനാട്ടില്‍ 23 കുട്ടികള്‍ പരീക്ഷയെഴുതിയിരുന്നില്ല. ആ വര്‍ഷം ജില്ലയുടെ ആകെ വിജയം 92.30 ഉം എസ്.ടി വിഭാഗത്തില്‍ 76.33 ശതമാനവും ആയിരുന്നു. 22 കുട്ടികള്‍ പരീക്ഷയെഴുതാതിരുന്ന 2017-ല്‍ എസ്.ടി വിജയശതമാനം 70.92 ശതമാനമായി കുറഞ്ഞു. 2018-ല്‍ രജിസ്റ്റര്‍ ചെയ്തിട്ടും 36 കുട്ടികള്‍ പരീക്ഷയെഴുതിയിട്ടില്ലെന്നാണ് ഇതുവരെയുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. 

ആദിവാസി മേഖലകളിലെ കുട്ടികള്‍ക്ക് പഠന സൗകര്യങ്ങളൊരുക്കാന്‍ സര്‍ക്കാര്‍ കണക്കില്‍ കോടികള്‍ ചെലവിടുന്നതിനിടയിലാണ് കുട്ടികള്‍ കൂട്ടത്തോടെ പരീക്ഷയ്ക്ക് എത്താതിരിക്കുന്നത്. സ്‌കൂളുകളിലെ കൊഴിഞ്ഞ് പോക്ക് തടയാനും പഠനം മെച്ചപ്പെടുത്താനും നിരവധി പദ്ധതികളാണ് ജില്ലയില്‍ നടപ്പിലാക്കിവരുന്നത്. ഗോത്ര സാരഥി പദ്ധതി, കോളനിയിലേക്ക് പ്രത്യേകമായി ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍, ഓരോ സ്‌കൂളിലെയും എസ്.സി, എസ്.ടി കുട്ടികളുടെ കാര്യങ്ങള്‍ക്കായി പ്രത്യേകം അദ്ധ്യാപകന്‍, പട്ടികവര്‍ഗവകുപ്പിന്റെ നേരിട്ടുള്ള മേല്‍നോട്ടം എന്നിവയൊക്കെ ഉണ്ടായിട്ടും മുഴുവന്‍ കുട്ടികളെയും പരീക്ഷയ്‌ക്കെത്തിക്കാന്‍ കഴിയാത്തത് അധികൃതരുടെ അലംഭാവമാണെന്ന വിലയിരുത്തലിലാണ് ചില അധ്യാപകര്‍. 

അതിനിടെ വര്‍ഷം തോറും ജില്ലയുടെ എസ്.എസ്.എല്‍.സി വിജയ ശതമാനം താഴോട്ടാണ്. 2017-ല്‍ സംസ്ഥാനത്ത് വിജയ ശതമാനത്തില്‍ ഏറ്റവും പിന്നിലായിരുന്നു വയനാട്. മുന്‍വര്‍ഷങ്ങളിലെ അനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കാതെ വിദ്യാഭ്യാസ, പട്ടികവര്‍ഗ വകുപ്പുകള്‍ നിസംഗത തുടരുന്നത് ഇത്തവണയും ആദിവാസിമേഖലയിലെ വിദ്യാഭ്യാസ രംഗത്ത് വന്‍ തിരിച്ചടിയായേക്കും.