തിരുവനന്തപുരം: എസ്എസ്എല്‍സി കണക്ക് പരീക്ഷ വിവാദത്തില്‍ ചോദ്യപേപ്പര്‍ ചോര്‍ത്തിയ അധ്യാപകന് സസ്‌പെന്‍ഷന്‍. കണ്ണൂര്‍ ചെറുകുന്ന് വെല്‍ഫയര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന്‍ സുജിത് കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ചോദ്യപേപ്പര്‍ തയ്യാറാക്കിയ പാനലിന്റെ തലവന്‍ കെ.ജി.വാസുവിനെ പരീക്ഷ മൂല്യനിര്‍ണയ ജോലികളില്‍ നിന്നും വിലക്കി.
എസ്.എസ്.എല്‍.സി കണക്കുപരീക്ഷയുടെ 16 ചോദ്യങ്ങള്‍ മലപ്പുറത്തെ മെരിറ്റ് എന്ന സ്വകാര്യ സ്ഥാപനത്തിന്റെ മാതൃക പരീക്ഷ ചോദ്യങ്ങളുമായി സാമ്യമുണ്ടെന്ന് കണ്ടെത്തല്‍ വന്‍ വിവാദമുണ്ടാക്കിയിരുന്നു. കണക്ക് പരീക്ഷ വീണ്ടും കണ്ടെത്തുന്നതിന് പിന്നാലെയാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയ അധ്യാപകര്‍ക്കെതിരെ നടപടി. ചോദ്യം തയ്യാറാക്കിയ സുജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യാനും ചോദ്യപേപ്പര്‍ തയ്യാറാക്കിയ പാനലിന്റെ തലവന്‍ കെ.ജി.വാസുവിനെ പരീക്ഷ മൂല്യനിര്‍ണയത്തില്‍ നിന്നും മാറ്റാനുമാണ് തീരുമാനും.
ഇവരുവരുടെയും ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടെന്ന പൊതുവിദ്യാഭ്യാസ സെക്രട്ടറി ഉഷ ടെറ്റസിന്റെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സുജിത് കുമാറിനും ചോദ്യങ്ങള്‍ തയ്യാറാക്കിയ മറ്റൊരു അധ്യാപകനും മലപ്പുറത്തെ സ്വകാര്യ സ്ഥാപനവുമായി ബന്ധമുണ്ടെന്ന വിവരം വിദ്യാഭ്യാസവകുപ്പിന് ലഭിച്ചിട്ടുണ്ട്. ഉഷ ടൈറ്റസിന്റെ അന്തിമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അധ്യാപകര്‍ക്കെതിരെ പൊലീസ് അന്വേഷണം നടത്താനും സാധ്യതയുണ്ട്.
