കോട്ടയം: ഈരാട്ടുപേട്ട സെന്റ് അല്‍ഫോണ്‍സാ സ്കൂളിലെ പെണ്‍കുട്ടികളുടെ യൂണിഫോം മാറ്റാന്‍ തീരുമാനമായി. യൂണിഫോമിനെക്കുറിച്ച് വ്യാപകപരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം.

സെന്റ് അല്‍ഫോണ്‍സാ സ്കൂളിലെ പെണ്‍കുട്ടികളുടെ യൂണിഫോമിലെ ഓവര്‍ക്കോട്ടിനെക്കുറിച്ചാണ് വ്യാപകപരാതി ഉയര്‍ന്നത്. പെണ്‍കുട്ടികളെ അപമാനിക്കുന്ന തരത്തിലുള്ള യൂണിഫോം എന്ന നിലയില്‍ സാമുഹ്യമാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തതോടെ പ്രതിഷേധവും ശക്തമായി. സംസ്ഥാന ബാലാവകാശകമ്മീഷനിലും പരാതി നല്‍കി. പെണ്‍കുട്ടികളുടെ യൂണിഫോം മാറ്റണമെന്നാവശ്യപ്പെട്ട് ചില വിദ്യാര്‍ത്ഥി-യുവജനസംഘടനകള്‍ സ്കൂളിലേക്ക് പ്രകടനവും നടത്തി. ഇതേ തുടര്‍‍ന്ന് സ്കൂള്‍ അധികൃതര്‍ സംഭവം അന്വേഷിക്കാന്‍ മൂന്നംഗ സമിതിക്ക് രൂപം നല്‍കി. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യൂണിഫോം മാറ്റാന്‍ തീരുമാനിച്ചത്. എന്നാല്‍ ചെലവ് തങ്ങള്‍ക്ക് വഹിക്കാന്‍ കഴിയില്ലെന്ന് രക്ഷിതാക്കള്‍ അറിയിച്ചതോടെ പുതിയ യൂണിഫോമിന്റെ ചെലവ് വഹിക്കാമെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു. യൂണിഫോമിനെക്കുറിച്ചുള്ളത് അടിസ്ഥാനമില്ലാത്ത ആരോപണം എന്നായിരുന്നു തുടക്കത്തില്‍ സ്കൂള്‍ അധികൃതര്‍ സ്വീകരിച്ച നിലപാട്. എന്നാല്‍ യൂണിഫോം മാറ്റണമെന്ന് ഇന്നത്തെ പി.ടി.എ യോഗത്തില്‍ രക്ഷിതാക്കള്‍ ഒന്നടങ്കം ആവശ്യപ്പെട്ടതോടെ സ്കൂള്‍ അധികൃതര്‍ നിലപാട് മാറ്റുകയായിരുന്നു.