കാരുണ്യവും സഹതാപവും പ്രതീക്ഷിക്കേണ്ടന്ന് പരിശീലകന്‍
സെന്റ് പീറ്റേഴ്സ്ബര്ഗ്: തങ്ങള്ക്കെതിരെയുള്ള ഗ്രൂപ്പ് റൗണ്ടിലെ അവസാന പോരാട്ടം ലോകകപ്പിലെ ലിയോണല് മെസിയുടെ അവസാന മത്സരമായിരിക്കുമെന്ന് നെെജീരിയന് താരം ബ്രെയിന് ഇടൗ. ജയിച്ചില്ലെങ്കില് ലോകകപ്പില് നിന്ന് പുറത്ത് പോകുമെന്നുള്ള അവസ്ഥയിലാണ് അര്ജന്റീന നെെജീരിയയെ നേരിടാന് പോകുന്നത്. അര്ജന്റീനിയന് ക്യാമ്പില് ആശങ്കകളും ആകുലതകളും നിറയുന്നതിനിടെയാണ് ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളില് ഒരാളായി വാഴ്ത്തപ്പെടുന്ന മെസിയെ വെല്ലുവിളിച്ച് ഇടൗ എത്തിയിരിക്കുന്നത്.
മെസിയുടെ അവസാന ലോകകപ്പ് മത്സരമാക്കുകയെന്ന എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങള് ഇറങ്ങുന്നത്. മെസി കളിക്കുന്നതിനെ ഒരുപാട് ഇഷ്ടപ്പെടുമ്പോള് പോലും അദ്ദേഹം ഞങ്ങള്ക്കെതിരെ പോരാടാന് എത്തുമ്പോള് മറ്റു മാര്ഗങ്ങള് ഒന്നുമില്ലെന്നും ഇടൗ പറഞ്ഞു. എന്നാല്, ഇടൗവിന്റെ വാക്കുകളെ അധികം പ്രോത്സാഹിപ്പിക്കാതെയാണ് നെെജീരിയയുടെ പരിശീലകന് ജെര്നോട്ട് റോഹ് രംഗത്ത് എത്തിയത്.
ഇത്തരം പ്രസ്താവനകള് മെസിയെ പോലെ ഒരു താരത്തിന് ഇരട്ടി ഊര്ജം നല്കുമെന്നുള്ള ചിന്തയാണ് റോഹിനുള്ളത്. മെസിയുടെ അവസാന ലോകകപ്പ് മത്സരമാണെന്നുള്ള ചിന്തയിലല്ല ഞങ്ങള് കളിക്കിറങ്ങുന്നത്. മെസി മഹാനായ താരമാണ്. എല്ലാവരും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു. എനിക്ക് വ്യക്തിപരമായും ഞങ്ങളുടെ ടീമിനും അദ്ദേഹത്തെ ഇഷ്ടമാണ്.
മെസിയുടെ അവസാന ലോകകപ്പ് മത്സരമാകുമോ അല്ലയോ എന്നതിലല്ല കാര്യം, ഞങ്ങള്ക്ക് പ്രീക്വാര്ട്ടറിലേക്ക് കടക്കാന് സാധിക്കുമോയെന്നുള്ളതാണെന്നും റോഹ് പറഞ്ഞു. മെസിയുടെ കളി കാണാനല്ല ഞങ്ങള് വന്നിരിക്കുന്നത്. ഫുട്ബോളില് കാരുണ്യവും സഹതാപവും ഒന്നുമില്ല. അത് ഏറ്റവും ഇഷ്ടമുള്ള താരത്തോട് ആണെങ്കില് പോലും. ഐസ്ലാന്റിനെതിരെ അദ്ദേഹം മികച്ച കളിയാണ് പുറത്തെടുത്തത്. പക്ഷേ പെനാല്റ്റിയില് നിര്ഭാഗ്യം പിടികൂടി. മെസി മികച്ച പ്രകടനം കാഴ്ചവെയ്ക്കാനാകും എത്തുന്നത്. അതുകൊണ്ട് സൂക്ഷിക്കണമെന്നും റോഹ് പറഞ്ഞു.
