എസ്എഫ്‌ഐ പ്രവര്‍ത്തകനെ കുത്തി; നാല് ആര്‍എസ്എസുകാര്‍ അറസ്റ്റില്‍

First Published 12, Mar 2018, 3:36 PM IST
Stabbed SFI activist Four RSS men arrested
Highlights
  • ജയന്‍ മുള്ളോലി (34), രാജേഷ് തളിപ്പറമ്പ്, അജേഷ് ആലക്കോട്, ശരത്ത് ആലക്കോട് എന്നിവരാണ് അറസ്റ്റിലായത്.

കണ്ണൂര്‍: തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിനിടെ പുലര്‍ച്ചെ രണ്ടുമണിക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കിരണിനെ കുത്തിയ കേസില്‍ നാല് ആര്‍എസ്എസുകാര്‍ അറസ്റ്റില്‍. ജയന്‍ മുള്ളോലി (34), രാജേഷ് തളിപ്പറമ്പ്, അജേഷ് ആലക്കോട്, ശരത്ത് ആലക്കോട് എന്നിവരാണ് അറസ്റ്റിലായത്. ഇവരോടൊപ്പം ഉണ്ടായിരുന്ന കണ്ടാലറിയാവുന്ന പത്തോളം പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.

11 -ാം തിയതി പുലര്‍ച്ചെ രണ്ടിന് ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഉയര്‍ത്തിയ പന്തലിന് സമീപത്ത് നിന്ന് കിരണും സുഹൃത്തുക്കളും നടന്നുവരുമ്പോള്‍ ജയന്റെ നേതൃത്വത്തിലുള്ള സംഘം കിരണുമായി തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് കൈയില്‍ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് ജയന്‍, കിരണിനെ രണ്ട് തവണ കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മറ്റ് രണ്ടുപേര്‍ക്ക് നിസാര പരിക്കേറ്റു. 

കിരണിനെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ അപകടനില തരണം ചെയ്തു. കിരണിനെ കുത്തിയ ഒന്നാം പ്രതി ജയന്‍ നിരവധി കേസുകളില്‍ പ്രതിയാണ്. സംഭവ ദിവസം പ്രതികള്‍ കണ്ണപുരം താവത്തെ പ്രതീക്ഷ ബാറില്‍ കയറി മദ്യപിക്കുകയും തുടര്‍ന്ന് അവിടെയുണ്ടായ ഒരു വാക്ക് തര്‍ക്കത്തിന്റെ പേരില്‍ ബാര്‍ അടിച്ചു തര്‍ത്തിരുന്നു.  ഇത് സംഭന്ധിച്ച് കേസ് എടുത്തിട്ടുണ്ട്. 

അവിടെ നിന്ന് ഇവര്‍ കീഴാറ്റൂര്‍ വയല്‍ക്കിളി സമരപന്തലിന് സമീപത്തെത്തുകയും അവിടെ ഉണ്ടായിരുന്ന സിപിഎമ്മിന്റെ കൊടികള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് ഇവര്‍ തളിപ്പറമ്പ് തൃച്ചംബരത്തെത്തിയത്. സിപിഎമ്മും വയല്‍ക്കിളി സംഘടനയും തമ്മില്‍ ദേശീയപാത നിര്‍മ്മാണത്തിന്റെ പേരില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലമാണ് കീഴാറ്റൂര്‍. അവിടെ സംഘര്‍ഷമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘം കൊടിയും ബാനറുകളും നശിപ്പിച്ചത്. എന്നാല്‍ പ്രതികള്‍ക്ക് കീഴാറ്റൂര്‍ സമരക്കാരെ കൊല്ലാനും അതുവഴി തളിപ്പറമ്പ് സിപിഎം - വയല്‍ക്കിളി സംഘര്‍ഷം ഉണ്ടാക്കാന്‍ പദ്ധതിയുണ്ടായിരുന്നു എന്നതരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളെക്കുറിച്ച് അറിയില്ലെന്നും പോലീസ് പറഞ്ഞു. പ്രതികള്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് പോലീസ് പറഞ്ഞു.
 

loader