ചെന്നൈ: തമിഴ്‌നാട്ടില്‍ ഇടക്കാല തിരഞ്ഞെടുപ്പ് ഉണ്ടായേക്കുമെന്നും തിരഞ്ഞെടുപ്പിന് ഒരുങ്ങിയിരിക്കണമെന്നും ഡിഎംകെ വര്‍ക്കിംഗ് ചെയര്‍മാന്‍ എം.കെ. സ്റ്റാലിന്‍. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അയച്ച കത്തിലാണ് സ്റ്റാലിന്‍ തിരഞ്ഞെടുപ്പിനൊരുങ്ങാനാവശ്യപ്പെട്ടിരിക്കുന്നത്. 

ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയില്‍ നടക്കുന്ന അധികാര തര്‍ക്കത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഇടക്കാല തിരഞ്ഞെടുപ്പുണ്ടായേക്കുമെന്നാണ് ഡിഎംകെയുടെ വിലയിരുത്തല്‍. ശശികല പക്ഷം തിരഞ്ഞെടുത്ത നിയമസഭാ കക്ഷി നേതാവ് എടപ്പാടി പളനി സാമിയോടും കാവല്‍ മുഖ്യമന്ത്രിയായ ഒ.പനീര്‍ ശെല്‍വത്തോടും പിന്തുണ തെളിയിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടതാണ് സംസ്ഥാനത്ത് ഇടക്കാല തിരഞ്ഞെടുപ്പ് ഉണ്ടായേക്കുമെന്ന് കണക്കുകൂട്ടലില്‍ ഡിഎംകെ എത്തിച്ചേര്‍ന്നത്. 

പളനി സ്വാമിയോ, പനീര്‍ സെല്‍വമോ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വ്ന്നാല്‍ അധികകാലം സര്‍ക്കാരിന് ആയുസുണ്ടാവില്ല. അങ്ങനെയുള്‌ല സാഹചര്യത്തില്‍ നമ്മള്‍ സജ്ജമായിരിക്കണമെന്നാണ് സ്റ്റാലിന്റെ സദ്ദേശം. അതേസമയം തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഗവര്‍ണര്‍ സി വിദ്യാസാഗര്‍റാവു ഇന്ന് നിര്‍ണായക തീരുമാനം എടുത്തേക്കും.