1990 വരെ പുറംലോകത്തിന് അജ്ഞാതമായിരുന്ന ബങ്കര്‍ ഇപ്പോള്‍ മ്യൂസിയം
സമാര: ഇന്നലെ റഷ്യന് നഗരമായ സമാരയിലേക്ക് ആരാധകരുടെ ഒഴുക്കായിരുന്നു. അതിന്റെ ഒരു കാരണം ഇംഗ്ലണ്ടും സ്വീഡനും തമ്മിലുള്ള ക്വാര്ട്ടര് മത്സരം നടന്നത് സമാരയിലെ സമാര അരീനയിലാണ്. കൂടാതെ ഈ രണ്ടു ടീമുകളുടെ ആരാധകരല്ലാതെ റഷ്യയിലെത്തിയവരും സമാരയിലെ ഒരു അത്ഭുതം കാണാനെത്തി.
ക്വാര്ട്ടര് അവസാനിച്ചപ്പോള് നാട്ടിലേക്ക് മടങ്ങിയ ടീമുകളുടെ ആരാധക സംഘങ്ങള്ക്ക് റഷ്യയിലെത്തിയിട്ട് സമാര കാണാതെ പോകാന് ആവില്ലല്ലോ. റഷ്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ സമാരയിൽ ഫുട്ബോൾ പ്രേമികളുടെ പ്രിയപ്പെട്ട ഇടം ഒരു ബങ്കറാണ്. ഭൂമിക്കടിയിലെ ഈ ബങ്കറിലേക്ക് ആളുകളെ ആകർഷിക്കുന്നത് നിർമ്മാണ വൈദഗ്ധ്യമോ നിർമ്മിതിയുടെ വലിപ്പമോ ഒന്നുമല്ല.
അതിൽ താമസിച്ചിരുന്ന ആളുടെ വലിപ്പമാണ്. മറ്റാരുമല്ല, സോവിയറ്റ് യൂണിയന്റെ അനിഷേധ്യ നേതാവായിരുന്ന ജോസഫ് സ്റ്റാലിൻ. രണ്ടാം ലോകമഹായുദ്ധകാലത്ത് നിർമ്മിച്ച ബങ്കറിന്റെ ഇടുങ്ങിയ ഗോവണിയിലൂടെ താഴേക്കിറങ്ങിയാൽ 115 ലധികം ആകളുകളെ ഉൾക്കൊള്ളാനാവുന്ന പ്രധാന മുറിയിലെത്തും.
ഒരു വശത്ത് സ്റ്റാലിന്റെ സ്വകാര്യ മുറി. ബോംബ് ആക്രമണത്തെ പോലും തടുക്കാൻ കഴിവുള്ള ഭിത്തിയും അഞ്ച് ദിവസത്തേക്കുള്ള ആഹാരം സൂക്ഷിക്കാനുള്ള സൗകര്യവും കാഴ്ചക്കാരെ അദ്ഭുതപ്പെടുത്തുന്നതാണ്. നാസിപ്പട മോസ്കോ വളഞ്ഞതോടെ സ്റ്റാലിൻ അനൗദ്യോഗിക ആസ്ഥാനമാക്കിയ ബങ്കർ 1990 വരെ പുറംലോകത്തിന് അജ്ഞാതമായിരുന്നു. പിന്നീട് സർക്കാർ ഏറ്റെടുത്താണ് മ്യൂസിയമാക്കിയത്.
