കാസര്‍കോട്: ദൈവ പുത്രന്‍ ഉണ്ണിയേശുവിനെ സന്ദര്‍ശിക്കാനെത്തിയ ആട്ടിടയന്മാര്‍ക്ക് വഴികാട്ടിയാവാന്‍ വാനില്‍ നിന്നും ഭൂമിയിലേക്ക് നക്ഷത്രങ്ങള്‍ ഇറങ്ങി വന്നു. ഇന്ന് ആ നക്ഷത്രങ്ങള്‍ വാഹനാപകടത്തില്‍ കാല്‍ നഷ്ടമായ യുവാവിന്റെ ജീവിത വഴി കാട്ടിയാവുന്നു. ഭീമനടി പ്ലാച്ചിക്കരയിലെ വി.വി.ഉല്ലാസാണ് (38) നക്ഷത്ര വിളക്കുകള്‍ നിര്‍മ്മിച്ച് ഭാര്യയും രണ്ട് മക്കളും അടങ്ങിയ കുടുംബത്തിന്റെ ജീവിതച്ചിലവുകള്‍ കണ്ടെത്തുന്നത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി അഞ്ചിനാണ് പെയിന്റിങ് തൊഴിലാളിയായ ഉല്ലാസ് സഞ്ചരിച്ച ബൈക്കില്‍ പയ്യന്നൂര്‍ പിലാത്തയില്‍വച്ച് ഒരു ഇന്നോവകാര്‍ ഇടിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഉല്ലാസിന്റെ ഇടതു കാല്‍ മുറിച്ചു മാറ്റേണ്ടി വന്നു. പ്രാരാബ്ധങ്ങള്‍ നിറഞ്ഞ കുടുംബത്തിലെ മൂത്ത മകനാണ് ഉല്ലാസ്. നാട്ടുകാരുടെയും സുമനസുകകളുടെയും സഹായത്തോടെ ആശുപത്രി വിട്ട് നാട്ടിലെത്തിയ ഉല്ലാസ് വിധിയുടെ ക്രൂരതകളില്‍ തളര്‍ന്നില്ല. നിശ്ചയ ദാര്‍ഢ്യം കൈവിടാതെ തുടങ്ങിയ സ്വയം തൊഴിലായിരുന്നു നക്ഷത്ര വിളക്കുകളുടെ നിര്‍മ്മാണം.
സുഹൃത്തുക്കള്‍ വഴി എറണാകുളത്തുനിന്നും എത്തിക്കുന്ന മെറ്റീരിയലുകള്‍ വീട്ടിലെ മുറിക്കുള്ളിവച്ച് ഉല്ലാസ് മിന്നും നക്ഷത്രങ്ങളാക്കും. എല്‍.ഇ.ഡി.ബള്‍ബുകള്‍ ഫിറ്റു ചെയ്ത ഉല്ലാസിന്റെ നക്ഷത്ര വില്‍ക്കുകള്‍ക്ക് മാര്‍ക്കറ്റില്‍ 120 രൂപ മുതല്‍ 1200 രൂപ വരെ വിലയുണ്ട്. ഉല്ലാസിനെ അറിയുന്ന കച്ചവടക്കാര്‍ വിലപേശലില്ലാതെയാണ് വില്‍പ്പനക്ക് നക്ഷത്രവിളക്കുകള്‍ വാങ്ങുന്നത്. കാസര്‍കോട് ജില്ലയിലെ മിക്ക കടകളിലും ഉല്ലാസിന്റെ നക്ഷത്ര വിളക്കുകള്‍ വില്‍പ്പനയ്ക്കുണ്ട്. സുഹൃത്തുക്കളുടെ ഓട്ടോ റിക്ഷ വഴിയാണ് വീട്ടില്‍ നിന്നുമുണ്ടാകുന്ന നക്ഷത്ര വിളക്കുകള്‍ ഉല്ലാസ് മാര്‍ക്കറ്റില്‍ എത്തിക്കുന്നത്.
