കൊച്ചി: സര്‍വീസ് ചട്ടങ്ങളുടെ പേരിൽ അമ്മയുടെ അവകാശങ്ങൾ നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി. കുടുംബപരമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനുള്ള സ്ത്രീയുടെ അവകാശം സംരക്ഷിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കുഞ്ഞിന്റെ ചികിത്സക്കായി അവധിയെടുത്ത ഉദ്യോഗസ്ഥയെ പിരിച്ചുവിട്ട എൽഐസിയുടെ നടപടി റദ്ദാക്കി.

എല്‍ഐസി ജീവനക്കാരിയായിരുന്ന എം.ടി. മിനിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി. മിനിയുടെ രണ്ടാമത്തെ കുഞ്ഞിന് രണ്ടാം വയസ്സില്‍ പിടിപെട്ട ചിക്കന്‍പോക്സിനെത്തുടര്‍ന്ന് സംസാര വൈകല്യവും പെരുമാറ്റത്തില്‍ അസ്വാഭാവികതയും ഉണ്ടായി. ഇത് പിന്നീട് ഓട്ടിസത്തിലേക്ക് വഴിമാറി. കുഞ്ഞിന് വിദഗ്ധ ചികിത്സയ്ക്കായി മിനി ചെന്നൈയിലേക്ക് പോയി. 

ട്രാന്‍സ്ഫറിന് അപേക്ഷിച്ചെങ്കിലും അവധിയില്‍ പ്രവേശിക്കാനായിരുന്നു എല്‍ഐസിയുടെ നിര്‍ദേശം. ഭിന്നശേഷിയുള്ള കുട്ടിയെ നോക്കാനുള്ള സൗകര്യം പരിഗണിച്ച് ഭര്‍ത്താവിനൊപ്പം കഴിയാന്‍ സ്ഥലംമാറ്റം ചോദിച്ചു. എന്നാല്‍ സ്ഥലംമാറ്റം നിഷേധിച്ചതിനെ തുടര്‍ന്ന് മിനി അവധിയില്‍ പോയി. ഇത് സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് എന്ന് കണ്ടെത്തി അച്ചടക്ക നടപടി സ്വീകരിച്ച് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. 

എല്‍ഐസിയുടെ ഈ നടപടി ചോദ്യം ചെയ്ത് മിനി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധി. മാതൃത്വമെന്ന മൗലികാവകാശം ലംഘിക്കാന്‍ ഒരു സര്‍വീസ് നിയമത്തിനും കഴിയില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കുടുംബപരമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനുള്ള സ്ത്രീയുടെ അവകാശം നിയമനിര്‍മ്മാണത്തിലൂടെ സംരക്ഷിക്കണം. 

ഇക്കാര്യത്തിലുള്ള വിവേചനം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ക്കും രാജ്യാന്തര നിയമങ്ങള്‍ക്കും വിരുദ്ധവുമാണെന്നും സിങ്കിള്‍ ബഞ്ച് ഉത്തരവില്‍ പറയുന്നു. ജോലിയില്‍ നിന്ന് പുറത്താക്കിയ എല്‍ഐസിയുടെ അച്ചടക്ക നടപടി നിലനില്‍ക്കുന്നതല്ല. മിനിയെഎത്രയും വേഗം തിരികെ ജോലിയില്‍ പ്രവേശിപ്പിക്കണമെന്നും ഉചിതമായ ഇടത്തേക്ക് സ്ഥലംമാറ്റം നല്‍കണമെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. കുഞ്ഞിനോടുള്ള അമ്മയുടെ സ്‌നേഹം തിരിച്ചറിയാന്‍ കഴിവില്ലാത്തവരാണോ എല്‍ഐസി എന്നും വിധിയില്‍ ഹൈക്കോടതി കുറ്റപ്പെടുത്തി.