പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും കേരളം സന്ദര്‍ശിച്ചതും അടിയന്തര സഹായധനം പ്രഖ്യാപിച്ചതും നന്ദിയോടെ ഓര്‍ക്കുന്നുവെന്ന് കേരള സര്‍ക്കാര്‍. തുടര്‍ന്നും സഹായങ്ങള്‍ കേന്ദ്രം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു
തിരുവനന്തപുരം: പ്രളയദുരന്തത്തില്‍ കേരളത്തിലെ രക്ഷാപ്രവര്‍ത്തനത്തിന് കേന്ദ്രം വിവിധ സഹായങ്ങളെത്തിച്ചുവെന്നും ഇത് നന്ദിയോടെ ഓര്‍ക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
'പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും കേരളം സന്ദര്‍ശിച്ചുവെന്ന് മാത്രമല്ല,. അടിയന്തര സഹായധനം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ സഹായങ്ങള്‍ നല്‍കാമെന്ന ഉറപ്പും നല്‍കിയിട്ടുണ്ട്. ഇത്തരം ഇടപെടലുകളെല്ലാം നന്ദിയോടെ സര്‍ക്കാര്‍ ഓര്‍ക്കുന്നു'- മുഖ്യമന്ത്രി അറിയിച്ചു.
രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ സഹകരണവും നല്‍കിയ ഗവര്‍ണര്‍ക്കും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ സേനാവിഭാഗങ്ങള്‍ക്കും മുഖ്യമന്ത്രി പ്രത്യേകം നന്ദി അറിയിച്ചു.
'രക്ഷാദൗത്യം പൂര്‍ത്തിയാക്കി മടങ്ങുന്ന ഈ വിഭാഗങ്ങള്‍ക്ക് സംസ്ഥാനത്തിന്റെ ആതിഥേയ മര്യാദയും സംസ്‌കാരവും ഉയര്‍ത്തിപ്പിടിക്കുന്ന വിധത്തില്‍ യാത്രയയപ്പ് നല്‍കാനും സര്‍ക്കാര്‍ തീരുമാനിക്കുന്നുണ്ട്.'- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
