Asianet News MalayalamAsianet News Malayalam

കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചവർക്കെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചവർക്കെതിരെ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അധ്യക്ഷ എം. സി. ജോസഫൈനിന്‍റെ നിർദ്ദേശ പ്രകാരമാണ് നടപടി. പീഡന കേസുകളിൽ ഇരയുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് നിയമവിരുദ്ധമാണ്.  

state women commission takes action against missionaries of jesus
Author
Thiruvananthapuram, First Published Sep 15, 2018, 5:56 PM IST

തിരുവന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചവർക്കെതിരെ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അധ്യക്ഷ എം. സി. ജോസഫൈനിന്‍റെ നിർദ്ദേശ പ്രകാരമാണ് നടപടി. പീഡന കേസുകളിൽ ഇരയുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് നിയമവിരുദ്ധമാണ്.  അതിനാൽ കന്യാസ്ത്രീയെ അപമാനിച്ചവർക്കെതിരെ നിയമസംവിധാനങ്ങൾ മാതൃകാപരമായ നടപടികൾ  സ്വീകരിക്കണമെന്നും വനിതാ കമ്മീഷൻ  ആവശ്യപ്പെട്ടു.

അതേസമയം കന്യാസ്ത്രീയുടെ ഫോട്ടോയും  അവരെ മോശമാക്കി ചിത്രീകരിച്ച് കുറിപ്പും പുറത്ത് വിട്ട സംഭവത്തില്‍ പൊലീസ് നടപടികള്‍ തുടങ്ങി. മിഷണറീസ് ഓഫ് ജീസസ് പിആർഒ സിസ്റ്റർ അമലയെ അന്വേഷണ സംഘം വിളിച്ചു വരുത്തും. ഹാജരാകാന്‍ കാണിച്ച് സിസ്റ്റര്‍ക്ക് നോട്ടീസയക്കാനാണ് തീരുമാനം. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരമാണ് മിഷണറീസ് ഓഫ് ജീസസ് സന്ന്യാസി സഭയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. നേരത്തെ ഈ സംഭവത്തില്‍ ആലുവ സ്വദേശി അഡ്വ ജിയാസ് ജമാലിന്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നല്‍കിയിരുന്നു.  പരാതി നൽകിയ കന്യാസ്ത്രീയെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് പരാതിക്കാരൻ  പറഞ്ഞിരുന്നു.

കന്യാസ്ത്രീയെ തിരിച്ചറിയും വിധം പ്രസിദ്ധീകരിച്ചാല്‍ ഉത്തരവാദിയാകില്ലെന്ന മുന്നറിയിപ്പോടെയാണ് കന്യാസ്ത്രീയുടെ ഫോട്ടോയും  അവരെ മോശമാക്കി ചിത്രീകരിച്ച് കുറിപ്പും മിഷനറീസ് ഓഫ് ജീസസ് മാധ്യമങ്ങള്‍ക്ക്  കൈമാറിയത്. കന്യാസ്ത്രീയുടെ വെളിപ്പെടുത്തലുകളില്‍ വൈരുദ്ധ്യമുണ്ടെന്നും പ്രതിഷേധിക്കുന്ന കന്യാസ്ത്രീകള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ചുകൊണ്ടുള്ള വാര്‍ത്താകുറിപ്പിനൊപ്പമാണ് ചിത്രം പുറത്തുവിട്ടിരിക്കുന്നത്.

2015 മെയ് 23 ന് ഫ്രാങ്കോ പങ്കെടുത്ത ഒരു ചടങ്ങില്‍ പരാതിക്കാരിയായ കന്യാസ്ത്രീയും പങ്കെടുത്തിരുന്നുവെന്നാണ് ചിത്രം നല്‍കികൊണ്ട് മിഷനറീസ് ഓഫ് ജീസസ് പറയുന്നത്. ഇരുവരും ഒരുമിച്ച് ഒരു വീട് വെഞ്ചരിപ്പ് ചടങ്ങില്‍ പങ്കെടുക്കുന്ന ചിത്രമാണ് ഇത്. ഇരുവരും വീട് വെഞ്ചരിപ്പിന് ഒരുമിച്ചിരിക്കുന്നത് ആരോപണം തെറ്റാണെന്നതിന്‍റെ തെളിവാണ്. ലൈംഗിമായി പീഡിപ്പിക്കപ്പെട്ട സ്ത്രീ, പീഡിപ്പിച്ച ആള്‍ക്കൊപ്പം സ്വന്തം താത്പര്യപ്രകാരം പങ്കെടുക്കില്ലെന്നുമാണ് മിഷനറീസിന്‍റെ വാദം.

2014 മുതല്‍ 2016 വരെ പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നാണ് കന്യാസ്ത്രീ പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ തന്നെ പീഡിപ്പിച്ചുവെന്ന് പറയുന്ന ബിഷപ്പിനൊപ്പം കന്യാസ്ത്രീ വളരെ ആവേശത്തോടെയാണ് 2015 ല്‍ നടന്ന ഈ ചടങ്ങില്‍ പങ്കെടുത്തത്. കന്യാസ്ത്രീ അധികാരികളോട് അനുവാദം വാങ്ങി ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു. അതിനാല്‍ അരോപണം അടിസ്ഥാന രഹിതമാണെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നും അവര്‍ ആരോപിച്ചു.

ബലാത്സംഗ കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ പങ്ക് അന്വേഷിക്കാനായി നിയോഗിച്ച കമ്മീഷന്‍റെ പ്രാഥമിക കണ്ടെത്തല്‍ പ്രസിദ്ധീകരിക്കാനായി നല്‍കിയ വാര്‍ത്താ കുറിപ്പിലാണ് ചിത്രവും നല്‍കിയത്. കന്യാസ്ത്രീകള്‍ക്കെതിരായാണ് അന്വേഷണ കമ്മീഷന്‍റെ കണ്ടത്തലുകള്‍. ബിഷപ്പിനെതിരെ കന്യാസ്ത്രീകള്‍ ഗൂഢാലോചന നടത്തിയെന്നും സഭയുമായി ബന്ധമില്ലാത്ത നാലു പേരുടെ സഹായം അവര്‍ക്ക് ലഭിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

യുക്തിവാദികളാണ് കന്യാസ്ത്രീകള്‍ക്ക് പിന്നിലെന്ന ആരോപണവും കുറിപ്പില്‍ ഉന്നയിക്കുന്നുണ്ട്. ലെെംഗീക പീഡന പരാതികള്‍ നല്‍കുന്നവരെ തിരിച്ചറിയുന്ന തരത്തില്‍ ഒരു വിവരവും പുറത്തു വിടരുതെന്നാണ് രാജ്യത്തെ കര്‍ശനമായ നിയമം. ഒരു കാരണവശാലും ഇരയുടെ പേരോ ചിത്രമോ ഒന്നും നല്‍കാനാവില്ല. ഈ നിയമത്തെ കാറ്റില്‍പ്പറത്തിയാണ് മിഷറീസ് ഓഫ് ജീസസിന്‍റെ പബ്ലിക് റിലേഷന്‍ ഓഫീസര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ ചിത്രം മാധ്യമങ്ങള്‍ക്ക് നല്‍കിയത്.


 

Follow Us:
Download App:
  • android
  • ios