കൊല്ലത്ത് മൂന്നരവയസുകാരിക്ക് രണ്ടാനച്ഛന്‍റെ ക്രൂരമര്‍ദ്ദനം..കുട്ടിയുടെ ദേഹത്ത് സിഗരറ്റ് ലൈറ്റര്‍ കൊണ്ട് പൊള്ളിക്കുകയും വടി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. കുട്ടിയെ മര്‍ദ്ദിച്ച പള്ളിമുക്ക് സ്വദേശി ആഷിക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

കൊല്ലം: കൊല്ലത്ത് മൂന്നരവയസുകാരിയെ രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ദേഹമാസകലം പൊള്ളലേല്‍പ്പിക്കുകയും ചെയ്തു. ഇന്നലെ വൈകിട്ടാണ് സംഭവം. വീട്ടില്‍ നിന്ന് കുട്ടിയുടെ കരച്ചില്‍ കേട്ട് അയല്‍ക്കാരാണ് ആദ്യമെത്തിയത്. ഈ സമയം ക്രൂരമായി മര്‍ദ്ദനമേറ്റ കുട്ടി തറയില്‍ കിടക്കുകയായിരുന്നു. രണ്ടാനച്ഛന്‍ ആഷിക്ക് താൻ ഉപയോഗിക്കുന്ന സിഗരറ്റ് ലൈറ്റര്‍ കൊണ്ട് കുട്ടിയുടെ ദേഹമാസകലം പൊള്ളിച്ചു. മുതുകത്ത് വടി കൊണ്ട് അടിച്ച പാടുമുണ്ട്. കുട്ടിയുടെ അമ്മ കൊല്ലത്ത് ജോലിക്ക് പോയ സമയത്താണ് സംഭവം ഉണ്ടാകുന്നത്. നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ അവരോട് കയര്‍ത്ത് സംസാരിച്ച ആഷിക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. കുണ്ടറ പൊലീസെത്തിയാണ് ഇയാളെ പിടികൂടിയത്. പൊലിസും നാട്ടുകാരും ചേര്‍ന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് അമ്മയേയും കുഞ്ഞിനെയും കൊല്ലത്തെ സര്‍ക്കാര്‍ ആഗതി മന്ദിരത്തിലേക്ക് മാറ്റി. ആഷിക്കിനെ കഞ്ചാവ് കച്ചവടുമായി ബന്ധപ്പെട്ട് നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.