വാഷിംങ്ടണ്‍: അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഉപദേഷ്ടാവ് സ്റ്റീവ് ബാനോണ്‍ രാജി വെച്ചു. തെരഞ്ഞെടുപ്പ് സമയം മുതല്‍ ട്രംപ് ക്യാമ്പിലെ മുഖ്യ വ്യക്തിയായിരുന്നു ബാനോണ്‍. സമീപകാലത്ത് ബാനോനും ട്രംപുമായി ചില പ്രശ്നങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ടെന്നാണ് റിപ്പോർട്ടുകള്‍. വൈറ്റ് ഹൗസിലെ മുഖ്യ ഉപദേഷ്ടാവായി ജനറല്‍ ജോണ് കെല്ലി സ്ഥാനമേറ്റത് 3 ആഴ്ച മുന്‍‌പാണ്.

ബാനോണിന്‍റെ രാജിക്ക് ജോണ്‍ കെല്ലിയുടെ നിയമനവും കാരണമാണെന്നാണ് വിലയിരുത്തല്‍. ട്രംപിന്‍റെ കടുത്ത ദേശീയവാദ നിലപാടുകള്‍ക്ക് പിന്നിലെ ഉപദേശകൻ ബാനോണ് ആണ്. കഴിഞ്ഞ ദിവസം വിർജീനിയയില്‍ ദേശീയവാദികളുടെ റാലി വലിയ വിവാദമായിരുന്നു. ദേശീയവാദികളെ വിമർശിക്കാൻ ട്രംപ് തയ്യാറാകാതിരുന്നതും വലിയ വിമർശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ട്രംപിനെതിരെ റിപബ്ലിക്കൻ പാർട്ടിയില്‍ നിന്നു തന്നെ കുറ്റപ്പെടുത്തലുകള്‍ ഉയരുന്ന സമയത്താണ് ബാനോണ്‍ സ്ഥാനമൊഴിയുന്നതെന്ന് ശ്രദ്ധേയമാണ്.