ഇത്രയും കുറഞ്ഞ സമയം കൊണ്ട് നാലുപേർ കൈമാറിയാണ് തത്ത യഥാർത്ഥ ഉടമയിലെത്തിയത്. മോഷ്ടിച്ചതാണെന്ന് അറിയാതെ വിൽക്കാനുണ്ടെന്ന് കാണിച്ച് ഒരം​ഗം ​ഗ്രൂപ്പിലിട്ട മെസ്സേജാണ് തത്തയെ തിരികെ ലഭിക്കാൻ കാരണമായത്. അന്പതിനായിരം രൂപയാണ് ഈ തത്തയുടെ വില.

ബം​ഗളൂരു: അമ്പതിനായിരം രൂപ വിലയുള്ള കോം​ഗോ ​ഗ്രേ പാരറ്റ് ഇനത്തിൽപെട്ട തത്ത മോഷണം പോയത് പെറ്റ്ഷോപ്പിൽ നിന്നാണ്. എന്നാൽ നാൽപത്തിയെട്ട് മണിക്കൂറിനുള്ളിൽ തത്ത പെറ്റ്ഷോപ്പിൽ തന്നെ തിരികെയെത്തി. പക്ഷിസ്നേഹികളുടെ വാട്ട്സ് ആപ്പ് ​ഗ്രൂപ്പാണ‌് തത്തയെ തിരികെ ലഭിക്കാൻ സഹായിച്ചതെന്ന് പെറ്റ് ഷോപ്പ് ഉടമ പറയുന്നു. ഇത്രയും കുറഞ്ഞ സമയം കൊണ്ട് നാലുപേർ കൈമാറിയാണ് തത്തെ യഥാർത്ഥ ഉടമയിലെത്തിയത്. മോഷ്ടിച്ചതാണെന്ന് അറിയാതെ തത്തയെ വിൽക്കാനുണ്ടെന്ന് കാണിച്ച് ഒരം​ഗം ​ഗ്രൂപ്പിലിട്ട മെസ്സേജാണ് തത്തയെ തിരികെ ലഭിക്കാൻ കാരണമായത്. 

കഴിഞ്ഞയാഴ്ച ബം​ഗളൂരുവിൽ പ്രദീപ് യാദവ് നടത്തുന്ന പെറ്റ് ഷോപ്പിൽ നിന്നാണ് കോം​ഗോ ​ഗ്രേ പാരറ്റ് ഉൾപ്പെടെ പതിനാറ് പക്ഷികൾ മോഷ്ടിക്കപ്പെട്ടത്. രാവിലെ കടയിലെത്തിയപ്പോഴാണ് യാദവിന് അത് മനസ്സിലായത്. പക്ഷികളെ മോഷ്ടിക്കുക എന്നത് മാത്രമായിരുന്നു കളളന്റെ ലഭ്യമെന്നും യാദവ് തിരിച്ചറി‍ഞ്ഞു. കാരണം കടയിലുണ്ടായിരുന്ന പണത്തിലോ മറ്റ് വസ്തുക്കളിലോ തൊട്ടിട്ടില്ല. തൊട്ടടുത്ത കൂട്ടിലുണ്ടായിരുന്ന ഇരുപതോളം ലൗ ബേർ‌ഡ്സും സുരക്ഷിതമായി തന്നെയുണ്ട്. അമ്പതിനായിരും രൂപയാണ് കോം​ഗോ ​ഗ്രേ പാരറ്റിന്റെ വില. മറ്റ് പക്ഷികളെല്ലാം തന്നെ ഇരുപത്തയ്യായിരം രൂപ വിലയുള്ളതാണ്. 

''പക്ഷികളെക്കുറിച്ചും അവയുടെ വിലയെക്കുറിച്ചും കൃത്യമായി അറിവും ബോധ്യവുമുള്ളയാളാണ് മോഷ്ടാവെന്ന് അതിൽ നിന്ന് തന്നെ മനസ്സിലായി. പ്രൊഫഷണൽ പക്ഷി വിൽപ്പനക്കാർക്ക് വേണ്ടിയുളള ഒരു വാട്ട്സ് ആപ്പ് ​ഗ്രൂപ്പ് ഞങ്ങൾ ആരംഭിച്ചിരുന്നു. അതിൽ പക്ഷികൾ മോഷണം പോയ വിവരം ഞാൻ അറിയിച്ചു. എന്റെ പക്ഷികളെപ്പോലെയുള്ളവയെക്കുറിച്ച് വിവരം ലഭിക്കുകയാണെങ്കിൽ അറിയിക്കണമെന്ന് ഞാൻ അവരോട് അഭ്യർത്ഥിച്ചിരുന്നു.'' എട്ടു വർഷത്തോളമായി പക്ഷി വിൽപ്പന രം​ഗത്ത് സജീവമായിട്ടുള്ള ആളാണ് പ്രദീപ് യാദവ്. അതേ സമയം പക്ഷികളെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകുകയും ചെയ്തു. 

അടുത്ത ദിവസം പ്രദീപ് യാദവിന് രാജ്കുമാർ എന്നൊരാളിൽ നിന്ന് ഒരു മെസ്സേജ് ലഭിച്ചു. താൻ ഒരു കോം​ഗോ ​ഗ്രേ പാരറ്റിനെ വാങ്ങിയെന്നും യാദവ് പറഞ്ഞ ലക്ഷണങ്ങളെല്ലാമുള്ള തത്തയാണ് അതെന്നുമായിരുന്നു രാജ്കുമാറിന്റെ മെസ്സേജ്. അപ്പോൾത്തന്നെ നഷ്ടപ്പെട്ട തത്തകളെയും പക്ഷികളെയും കുറിച്ചുള്ള വീഡിയോയും ചിത്രങ്ങളും യാദവ് അയച്ചു കൊടുത്തു. ശിവകുമാർ എന്നയാളിൽ നിന്നുമാണ് പക്ഷിയെ ലഭിച്ചതെന്നായിരുന്നു രാജ്കുമാറിന്റെ വെളിപ്പെടുത്തൽ. എന്നാൽ ശിവകുമാർ പറഞ്ഞത് കർണ എന്നയാളിൽ നിന്നാണ് തനിക്ക് തത്തയെ ലഭിച്ചതെന്നാണ്. എന്തായാലും പൊലീസുകാരെയും കൂട്ടി ശിവകുമാറിൽ നിന്നും യാദവ് തന്റെ തിരികെ വാങ്ങി. 

കർണയെ പൊലീസ് ചോദ്യം ചെയ്തപ്പോൾ അപരിചിതനായ ഒരാളാണ് തനിക്ക് നൽകിയതെന്നായിരുന്നു മൊഴി. പഴയ ജോലിക്കാരിൽ ആരെങ്കിലുമായിരിക്കും പക്ഷികളെ മോഷ്ടിച്ചു കൊണ്ടു പോയത് എന്നാണ് യാദവിന്റെ ബലമായ സംശയം. തത്തയെ തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് പ്രദീപ് യാദവ്. ഒപ്പം വാട്ട്സ് ആപ്പ് ​ഗ്രൂപ്പിന് നന്ദിയും പറയുന്നു.