ഓസ്ട്രേലിയയിൽ അദാനി ഗ്രൂപ്പിനെതിരെ പ്രതിഷേധം ശക്തമാകുന്നു.  ഇന്ത്യയിലേക്ക് കല്‍ക്കരി കയറ്റുമതി ചെയ്യാനുളള ഖനനം പരിസ്ഥിതിക്ക് ദോഷകരമാണെന്ന് ചൂണ്ടികാട്ടിയാണ് പ്രതിഷേധം. സ്റ്റോപ് അദാനി മുദ്രാവാക്യവുമായി ആയിരകണക്കിന് ആളുകളാണ് ഓസ്ട്രേലിയയില്‍ തെരുവിലിറങ്ങിയത്.

നാല് വർഷം മുൻപാണ് ഇന്ത്യയിലെ ഊര്‍ജ പദ്ധതികള്‍ക്കായി കല്‍ക്കരി കയറ്റുമതി ചെയ്യാനുളള പദ്ധതിക്ക് ഓസ്ട്രേലിയയിൽ അദാനി ഗ്രൂപ്പ് തുടക്കം കുറിച്ചത്. ഇതിനായി ഇളവുകളോടെ ഓസ്ട്രേലിയന്‍ സര്‍ക്കാരരിന്റെ വായ്പയും കമ്പനി കരസ്ഥമാക്കി . ഖനന പദ്ധതി തുടങ്ങിയാല്‍ കോടികണക്കിന് രൂപ നികുതിയായി സർക്കാരിന് കിട്ടും. പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നുമെന്നും  കമ്പനി വാഗ്ദാനം ചെയ്‍തിരുന്നു.

ഇതിനിടയിലാണ് ഖനന പദ്ധതിക്ക് എതിരെ ബ്രിസ്ബണിലും സിഡ്‍നിയിലുമടക്കം ആയിരക്കണക്കിന് പേര്‍ തെരുവിലറങ്ങിയത് .  കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരിസ് കരാറില്‍ ഒപ്പ് വച്ച ഓസ്ട്രേലിയയില്‍ ലോകത്തെ ഏറ്റവും വലിയ കല്‍ക്കരി ഖനി സ്ഥാപിക്കുന്നതിനെ ചോദ്യം ചെയ്താണ് പ്രതിഷേധം . ആസ്ട്രേലിയയില്‍ പൊതുജനവികാരം ഖനിക്ക് എതിരെയാണെന്ന സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് പ്രക്ഷോഭം ശക്തമായിരിക്കുന്നത്.