തെലങ്കാനയിലെ മഹ്ബൂബ് നഗറിലുള്ള ഒരു കോളേജ്. കോളേജില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ നടക്കുകയാണ്. ഇവിടെ കാവലിനെത്തിയതാണ് മൂസാപ്പേട്ട് സ്‌റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ മുജീബ് റഹ്മാന്‍
ഹൈദരാബാദ്: നിര്‍ത്തിയിട്ട ഒരു ബൈക്കിലിരുന്ന് പിഞ്ചുകുഞ്ഞിനെ ലാളിക്കുന്ന പൊലീസുകാരന്‍. ഐപിഎസ് ഉദ്യോഗസ്ഥയായ രമാ രാജേശ്വരി തന്റെ ട്വിറ്ററിലൂടെ പങ്കുവച്ച ചിത്രമാണിത്. ചുണ്ടുകള്‍ കൂര്‍പ്പിച്ച്, നേര്‍ത്ത ചിരിയോടെ, അതിലേറെ വാത്സല്യത്തോടെ കുഞ്ഞിനെ ലാളിക്കുന്ന പൊലീസുകാരന്റെ ചിത്രത്തിന് വന്‍ സ്വീകരണമാണ് ട്വിറ്ററില്‍ കിട്ടിയത്. വെറുതെയല്ല, അത്രയും ഹൃദ്യമാണ് ഈ ചിത്രത്തിന് പിന്നിലെ കഥ.
തെലങ്കാനയിലെ മഹ്ബൂബ് നഗറിലുള്ള ഒരു കോളേജ്. കോളേജില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ നടക്കുകയാണ്. ഇവിടെ കാവലിനെത്തിയതാണ് മൂസാപ്പേട്ട് സ്‌റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ മുജീബ് റഹ്മാന്‍. ഡ്യൂട്ടിക്കിടെയാണ് ഒരമ്മയും കുഞ്ഞും മുജീബിന്റെ ശ്രദ്ധയില്‍ പെട്ടത്.
അവരെ പറ്റി മുജീബ് അന്വേഷിച്ചു. ബിരുദാനന്തര ബിരുദമുണ്ടായിട്ടും ഒരു ജോലിയില്ലാതെ വലഞ്ഞതിനെ തുടര്‍ന്നാണ് ഈ പരീക്ഷയെഴുതാന്‍ തീരുമാനിച്ചത്. നിര്‍ധന കുടുംബത്തില്‍ നിന്നുള്ള യുവതിക്ക് സഹായത്തിനോ കൂട്ടുവരാനോ അധികമാരുമുണ്ടായിരുന്നില്ല. നാല് മാസം പ്രായമുള്ള കുഞ്ഞും, കുഞ്ഞിനെ നോക്കാന്‍ 14 വയസ്സ് മാത്രമുള്ള ബന്ധുവായ പെണ്‍കുട്ടിയെയും കൊണ്ടാണ് പരീക്ഷയെഴുതാന്‍ കോളേജിലെത്തിയത്.
അകത്ത് പരീക്ഷയെഴുതിക്കൊണ്ടിരിക്കുന്ന അമ്മയെ കാണാതെ പെണ്‍കുട്ടിയുടെ കയ്യിലിരുന്ന് കരഞ്ഞുകൊണ്ടിരുന്ന കുഞ്ഞിനെ, കരച്ചില്‍ മാറ്റാനായി മുജീബ് എടുത്ത് കൊണ്ടുനടന്നു. ഇതിനിടെ മരത്തണലിലിരുന്ന് കുഞ്ഞിനെ ലാളിക്കുന്നതിന്റെ ഫോട്ടോയാണ് പിന്നീട് ഹൃദയങ്ങള്‍ കീഴടക്കിയത്. ട്വിറ്ററിലൂടെയും മറ്റ് സമൂഹമാധ്യമങ്ങളിലൂടെയും മുജീബിന് സ്‌നേഹവും, അഭിനന്ദനവും അറിയിച്ചത് നൂറുകണക്കിന് പേരാണ്. എന്നാല്‍ ഇത് ജോലിയുടെ ഭാഗം മാത്രമാണെന്നാണ് മുജീബ് പറയുന്നത്.
'ജനങ്ങളെ സേവിക്കലാണ് ഞങ്ങളുടെ ജോലി. അതിനാണ് ഞങ്ങളുള്ളത്. മറ്റൊന്നും എനിക്ക് പ്രധാനമല്ല'- മുജീബ് പ്രതികരിച്ചു. 48കാരനായ മുജീബിന് രണ്ട് മക്കളുണ്ട്. മൂത്ത മകന്‍ മെഡിസിന് പഠിക്കുകയാണ്. ഇളയ മകള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുമാണ്.
