സാമൂഹ്യ മാധ്യമങ്ങളില്‍ പരിക്കേറ്റ നിലയില്‍ പ്രചരിച്ച ചിത്രത്തിലുള്ള ഫയര്‍ഫോഴ്സ് ജീവനക്കാരന്‍ പറയുന്നു

നെയ്യാര്‍: 101 ഡയല്‍ ചെയ്യുന്ന ഓരോ സാധാരണക്കാരനും ഒരു വിശ്വാസമുണ്ട്. ഏത് ആപത്തിലും അവനെ രക്ഷിക്കാന്‍ ഒരു ഫയര്‍ഫോഴ്സുകാരന്‍ വരുമെന്ന്. അഗ്നിശമന സേനയില്‍ ജോലി ചെയ്യുന്നവരുടെ കഥ പറഞ്ഞ ഫയര്‍മാന്‍ എന്ന സിനിമയിലലെ ഡയലോഗാണിത്. അതിനെ അന്വര്‍ഥമാക്കുന്ന സേവനങ്ങള്‍ കൊണ്ട് ആ വിശ്വാസത്തെ ഇന്നും നിലനിര്‍ത്താന്‍ കേരളത്തിലെ ഫയര്‍ഫോഴ്സിന് കഴിയുന്നുണ്ട്. തീപിടിത്തമുണ്ടായാല്‍... മരം വീണാല്‍... എന്തിനേറെ പറയുന്നു വീട്ടിലെ കോഴി കിണറ്റില്‍ വീണാലും ഫയര്‍ ഫോഴ്സിലേക്ക് വിളിയെത്തും.

എത്ര ചെറുതാണെങ്കിലും തങ്ങളുടെ ജോലി ആത്മാര്‍ഥതയോടെ ചെയ്ത് ഒരു നന്ദി പോലും പ്രതീക്ഷിക്കാതെ അവര്‍ മടങ്ങും. നെയ്യാര്‍ ഡാം ഫയര്‍ സ്റ്റേഷനിലെ കെ.വി. അഭിലാഷും അവരില്‍ ഒരാളാണ്. അഭിലാഷിന്‍റെ മകള്‍ രണ്ടര വയസുകാരി ആത്മികയ്ക്ക് ഇപ്പോള്‍ എല്ലാം പേടിയാണ്. അച്ഛന്‍ ജോലിക്ക് പോയി തിരികെ വന്നപ്പോള്‍ കാലില്‍ ഏഴു തുന്നിക്കെട്ടും മറ്റും കണ്ടതിന്‍റെ ഭയമാണവള്‍ക്ക്. എങ്കിലും അഭിലാഷ് പറയും. ഇത് എനിക്ക് ഒരു ജോലി അല്ല. ഒരുപാട് ഇഷ്ടത്തോടെ ചെയ്യുന്നതാണെന്ന്. നെയ്യാര്‍ ഡാം ഫയര്‍ സ്റ്റേഷനിലെ ഫയര്‍മാനാണ് അഭിലാഷ്. കഴിഞ്ഞ ഞായറാഴ്ച കനത്ത മഴയില്‍ കുറ്റിച്ചല്‍ തച്ചന്‍കോട് എരുമ കുഴിയില്‍ മരം വീണത് മുറിച്ചു മാറ്റാന്‍ പുറപ്പെട്ട യൂണിറ്റില്‍ അഭിലാഷുമുണ്ടായിരുന്നു. വാള്‍ ഉപയോഗിച്ച് മരം മുറിക്കുന്നതിനിടയില്‍ അഭിലാഷിന്‍റെ കെെ ഒന്ന് തെന്നി.

കാലില്‍ മൂര്‍ച്ചയുള്ള വാള്‍ കൊണ്ട് മുറിഞ്ഞു. ചോര ഒരുപാട് പോയി. ഉടനെ അഭിലാഷിനെ ആര്യനാട് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച ശേഷം പ്രാഥമിക ശുശ്രുഷ നല്‍കി മുറിവ് തുന്നിക്കെട്ടുകയായിരുന്നു. മുറിവ് മുട്ടിലായതിനാല്‍ മടക്കാനും നിവര്‍ക്കാനും ഒന്നും വയ്യാത്ത സ്ഥിതിയാണെന്ന് അഭിലാഷ് പറയുന്നു. തന്‍റെ ഒപ്പം ജോലി ചെയ്യുന്നവര്‍ ഇതിനെക്കാള്‍ വലിയ അപകടത്തില്‍പ്പെട്ടത് നേരില്‍ കണ്ടിട്ടുണ്ട്. ഇതെല്ലാം ഒരു ഫയര്‍ഫോഴ്സുകാരന്‍ ഒരിക്കല്ലെങ്കിലും അനുഭവിക്കേണ്ടി വരും. അതെല്ലാം മനസില്‍ കണ്ടിട്ടാണ് ഓരോ ജീവനക്കാരനും ജോലി ചെയ്യുന്നതെന്നും അഭിലാഷ് പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിലൂടെ മുറിവേറ്റ അഭിലാഷിന്‍റെ അവസ്ഥയടക്കമുള്ള ചിത്രങ്ങള്‍ പ്രചരിച്ചതോടെ ഈ ഫയര്‍ഫോഴ്സുകാരനെ തേടി ഒരുപാട് ഫോണ്‍ വിളികള്‍ വരുന്നുണ്ട്. എല്ലാവരോടും ഒരു മറുപടി മാത്രം... ഞങ്ങളെ വിശ്വസിച്ച് വിളിക്കുന്നവര്‍ക്ക് വേണ്ടി ഇനിയും ഇതിലേറെ ആത്മാര്‍ഥതയോടെ തന്‍റെ ചുമതല നിര്‍വഹിക്കും...